തിരുവനന്തപുരം :തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (27-02-2024) തലസ്ഥാനത്ത് എത്തും. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലെ ഔദ്യോഗിക പരിപാടിയിലാകും ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്കും അവിടെ നിന്നും തിരികെ ഡല്‍ഹിയിലേക്കും മടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അറിയിച്ചു. നാളത്തെ സന്ദര്‍ശനത്തില്‍ റോഡ് ഷോ അജന്‍ഡയിലില്ല. മാത്രമല്ല നാളെ പ്രകടനവുമുണ്ടാവില്ല. 19 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ ജാഥ നടത്തി 20 മത് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലമായ തിരുവനന്തപുരത്ത് സമാപനമെന്ന നിലയിലാണ് പരിപാടിയുടെ ആസൂത്രണം.
ഔദ്യോഗിക പരിപാടിക്ക് ശേഷമാകും പ്രധാനമന്ത്രി പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുക. തിരുവനന്തപുരത്ത് ഉള്‍പ്പെടെയുള്ള ബിജെപിയുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വി വി രാജേഷ് അറിയിച്ചു. പാര്‍ലമെന്‍ററി ബോര്‍ഡ് ചേര്‍ന്നാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹമറിയിച്ചു.
ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള ട്രൈസോണിക് വിന്‍ഡ് ടണല്‍, സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ ആന്‍ഡ് സ്‌റ്റേജ് ടെസ്‌റ്റ് ഫെസിലിറ്റി, പിഎസ്എല്‍വി ഇന്‍റഗ്രേഷന്‍ ഫസിലിറ്റി എന്നീ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നാളെ വിഎസ്എസ്‌സിയില്‍ എത്തുന്നത്.