തിരുവനന്തപുരം:വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പക്ഷ വാക്പോര്. വിലക്കയറ്റം സഭ നിർത്തി ചർച്ച ചെയ്യാൻ നിയമസഭയിൽ റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ വികലമായ സാമ്പത്തിക നയങ്ങളാണ് വില വർദ്ധനവിന് കാരണമെന്ന് പറഞ്ഞു ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വിഷയം സഭ നിർത്തി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് റേഷൻ കട വഴിയുള്ള അരി വിതരണത്തിന്‍റെ വിശദാംശങ്ങൾ മന്ത്രി വിവരിച്ചു.
കേന്ദ്രം നൽകേണ്ടുന്ന അരി നൽകുന്നില്ലെന്നും കേന്ദ്ര നയത്തിന് എതിരായി കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം റീട്ടെയിൽ വില 12 മാസത്തെ ഏറ്റവും കുറഞ്ഞ ദേശീയ ശരാശരിയിൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ കാര്യങ്ങൾ കടക വിരുദ്ധമാണെന്നും 600 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് നൽകാനുള്ളതെന്നും റോജി എം ജോൺ തിരിച്ചടിച്ചു. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടകയെങ്കിലും ഉച്ചഭക്ഷണത്തിന് കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം വിമർശിച്ചു.
മഴ കൂടിയതും ഉത്തരേന്ത്യയിൽ ചൂട് കൂടിയതും ട്രോളിങ് നിരോധനവും വില വർദ്ധനവിന് കാരണമാണെന്നും വിലക്കയറ്റം താത്കാലികമാണെന്നും മറുപടിയായി പറഞ്ഞ മന്ത്രി സാമ്പത്തിക ബുദ്ധിമുട്ടുകൾ ബാധിച്ചത് യഥാർത്ഥ്യമാണെന്ന് സഭയിൽ തുറന്ന് സമ്മതിക്കുകയും ചെയ്‌തു. സപ്ലൈക്കോയിലെ പ്രശ്‌നങ്ങൾക്കും പൊതു വിപണിയിലെ വിലക്കയറ്റത്തിലും ഇടപെടാനുള്ള പിന്തുണ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി കൊണ്ട് ചർച്ചയിൽ പങ്കെടുത്തപ്പോൾ കേരളത്തിന് പുറത്ത് നിന്നുള്ള സാധനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഇടപെടാൻ ശ്രമം നടത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദും വ്യക്തമാക്കി. തുടർന്ന് സഭ നിർത്തി വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സ്‌പീക്കർ സഭയെ അറിയിച്ചു.