കാസർകോട്: ഹോട്ടലിലെ പുതുക്കിയ വില കേട്ടാൽ തന്നെ വയറ് നിറയുന്ന അവസ്ഥയാണ് സാധാരണക്കാരന്. ഒരു ചായയും രണ്ടു പൊറോട്ടയും ഒരു മുട്ടക്കറി /കടലക്കറി കഴിച്ചാൽ 84 രൂപ കൊടുക്കണം!!!
ഇങ്ങനെ പോയാൽ ഹോട്ടലിൽ നിന്നുള്ള ചായ കുടിക്കൽ നിർത്തേണ്ടി വരുമെന്ന് ഡ്രൈവറായ പ്രശാന്ത് പറയുന്നു. ദിവസവും രാവിലെയും വൈകിട്ടും ചായയും പലഹാരവും കഴിക്കും. അതിന് തന്നെ 200 രൂപയാകും. ഉച്ചയ്ക്ക് ഊണിന് 50 - 60 രൂപ. രണ്ട് മത്തി ഫ്രൈ കൂടി കഴിച്ചാൽ 100 രൂപ.
മത്തി കിലോ 40 രൂപയാണ്. രണ്ടെണ്ണത്തിന് ഹോട്ടലിൽ 40 രൂപ മേടിക്കുന്നു. ഹോട്ടലുകാരോട് ചോദിച്ചാൽ പച്ച മത്തി മസാല പുരട്ടാതെ തരട്ടെ എന്നുള്ള മറുപടിയും. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാറില്ലെന്നും പ്രശാന്ത് പറഞ്ഞു.
പുതുക്കിയ വിലവിവര പട്ടിക (ETV Bharat) മത്സ്യത്തിനും കോഴിക്കും വില കുറഞ്ഞാലും ഹോട്ടല്‍ വിലയിൽ മാറ്റമില്ലെന്നാണ് നാരായണന്‍റെ പരാതി. ചോദിച്ചാൽ വാടക, ഗ്യാസ് അവശ്യ സാധനങ്ങളുടെ വില എന്നൊക്കെ പറഞ്ഞത് തർക്കിക്കും. അതാണ് അവസ്ഥയെന്നും നാരായണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1980 ന്‍റെ തുടക്കത്തില്‍ ചായക്ക് 30 പൈസയും കാപ്പിക്ക് 35 പൈസയും പുട്ടിനും വെള്ളയപ്പത്തിനും ദോശയ്ക്കും 25 പൈസയും പൊറോട്ടയ്ക്ക് 30 പൈസയുമായിരുന്നു നിരക്ക്. കടലക്കറി 50 പൈസ, മുട്ടക്കറി 60 പൈസ, ബീഫ് കറി/ ബീഫ് ലിവര്‍ 80 പൈസ, ചിക്കന്‍ കറി 1 രൂപ ,മട്ടന്‍ കറി 2 രൂപ എന്നിങ്ങനെയായിരുന്നു കറികളുടെ വില നിലവാരം. ഒരു രൂപയ്ക്ക് ഊണും കിട്ടിയിരുന്നു.പക്ഷേ അന്ന് ഹോട്ടലില്‍ നിന്ന് അപൂര്‍വ്വമായി മാത്രമേ ആളുകള്‍ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.
രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ ചായക്ക് അഞ്ചു രൂപയായി. 2002 ല്‍ 5 രൂപയ്ക്ക് ചായയും 2.50 രൂപയ്ക്ക് ബോണ്ട കഴിച്ചതുമൊക്കെ അറുപതുകാരൻ നാരായണൻ ഓർത്തെടുത്തു. പക്ഷെ അന്ന് ഇത്ര കൂലി ഇല്ലെന്നും നാരായണൻ പറഞ്ഞു.
അവശ്യ സാധങ്ങൾക്ക് വില കൂടിയതാണ് ഹോട്ടലുകളിൽ വില കൂടാനുള്ള പ്രധാന കാരണം. ചായക്കും 10 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 14 രൂപ ആയത്. ചെറു കടികളും 10 രൂപയിൽ നിന്നാണ് 14 - 15 ലേക്ക് എത്തിയത്. മലയാളികളുടെ ഇഷ്‌ട ഭക്ഷണമായ പൊറോട്ടക്കും 15 ആയി. ബീഫ് ഫ്രൈയോ ചിക്കൻ ഫ്രൈയോ കൂടി കഴിച്ചാൽ കൈ പൊള്ളുമെന്ന് ഉറപ്പ്.
2017 - 18 കാലത്തെ നിരക്ക് (ETV Bharat) ആറ് വര്‍ഷം മുമ്പ് ചായയുടെ വില 8 രൂപയിലെത്തി. 2017 -18 കാലത്ത് ചായക്ക് 8 രൂപയും കാപ്പിക്ക് 10 രൂപയുമായിരുന്നു ഹോട്ടലുകാര്‍ ഈടാക്കിയത്. പൊറോട്ടയ്ക്ക് 8 രൂപ മുതല്‍ പത്തു രൂപ വരെയായിരുന്നു വില. പുട്ടിന് 10, പരിപ്പു വട- ഉഴുന്ന് വട 8 രൂപ, മുട്ടക്കറി 20 രൂപ , ദോശ ഒന്നിന് 6 രൂപ, വെജ് കറി 20 രൂപ എന്നിങ്ങനെ ആയിരുന്നു വില. ആറ് വർഷം ആകുമ്പോഴേക്കും കറികൾക്ക് വില ഇരട്ടി ആയി.
ചായയ്ക്കും കാപ്പിക്കും വില കൂടി. ബ്രൂ കോഫി ആണെങ്കിൽ 30 രൂപ കൊടുക്കണം. 10 രൂപയുള്ള വടയ്ക്ക് 18 മുതൽ 20 രൂപ വരെ ആയി. പൊറോട്ടക്കും 15 ആയി. വില കൂടിയതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയും സജീവമായിട്ടുണ്ട്.
അതേസമയം, ഉപ്പ് മുതൽ അവശ്യ സാധനങ്ങൾക്ക് വില കൂടിയെന്നും ഇതാണ് വില പുതുക്കാൻ നിർബന്ധിതർ ആയതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധിയിൽ ആണെന്നും ഇവർ പറഞ്ഞു.
Also Read:പുലര്‍ച്ചെ വീടിനു മുകളിൽ ചരക്ക് ലോറി; കുട്ടികളടക്കം നാലുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി ▶വീഡിയോ