കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണ വിധേയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തില്‍ നിന്ന് നീക്കി. കെ കെ രത്നകുമാരിയാണ് പുതിയ പ്രസിഡന്‍റ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് നേരത്തെ സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ നേതൃത്വം പിന്തുണച്ചതില്‍ സിപിഎം സംസ്ഥാന നേതൃത്വം വിമര്‍ശനമുയര്‍ത്തി. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം നിര്‍ബന്ധിതമായത്. ജില്ലാ കമ്മിറ്റിയംഗമായതിനാല്‍ ഇനി പാര്‍ട്ടി നടപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പി പി ദിവ്യക്കെതിരെ നേരത്തെ തന്നെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധവും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കാരണമായി. പത്തനംതിട്ട സിപിഎം ജില്ലാ ഘടകത്തിന്‍റെ പ്രതിഷേധവും സിപിഎമ്മിനെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമായി. സമഗ്രമായ അന്വേഷണത്തിനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.