വയനാട്:രണ്ട് പതിറ്റാണ്ടോളം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തോട് മുഖം തിരിച്ച ശേഷം വയനാട്ടിലൂടെ കന്നിയങ്കം കുറിക്കാനൊരുങ്ങുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അഭ്യര്‍ത്ഥനയും ആവശ്യവും ശക്തമായപ്പോഴൊക്കെ പ്രിയങ്ക അതിനു വഴങ്ങാതെ പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.
ഒടുവില്‍ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമ്പോള്‍ പ്രിയങ്ക ഇതാദ്യമായി തെരഞ്ഞെടുപ്പ് മല്‍സരത്തിന് സമ്മതിച്ചിരിക്കുകയാണ്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പ്രിയങ്ക കൂടി ലോക്‌സഭയിലെത്തുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ലോക്‌സഭയില്‍ രണ്ടു പേരാകും. ഉത്തരേന്ത്യയില്‍ നിന്ന് റായ്ബറേലി എംപി രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയില്‍ നിന്ന് വയനാട് എംപി പ്രിയങ്കയും. പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രസംഗങ്ങള്‍ രാജ്യം ഇതിനകം പലതവണ കേട്ടിട്ടുണ്ടെങ്കിലും പാര്‍ലമെന്‍ററി രംഗത്ത് അവര്‍ എങ്ങിനെ എന്ന് അറിയാനുള്ള കൗതുകവും ആകാക്ഷയും ആളുകള്‍ക്കുണ്ട്.
അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുമൊപ്പം പാര്‍ട്ടി പ്രചാരണ യോഗങ്ങളിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പ്രിയങ്ക അതി വേഗമാണ് പാര്‍ട്ടിയുടെ മികച്ച സംഘാടകയായും തന്ത്രജ്ഞയായും വളര്‍ന്നത്. സൈക്കോളജിയില്‍ ബിരുദവും ബുദ്ധിസ്‌റ്റ് സ്‌റ്റഡീസില്‍ ബിരുദാനനന്തര ബിരുദവുമുള്ള പ്രിയങ്ക രണ്ടു പതിറ്റാണ്ടോളം കുടുംബ കാര്യങ്ങളില്‍ മുഴുകി കഴിയുകയായിരുന്നു. വ്യവസായി റോബര്‍ട്ട് വദ്രയെ വിവാഹം കഴിച്ച പ്രിയങ്കയ്ക്ക് രണ്ടു മക്കളാണ്. മകന്‍ റെയ്ഹാനും മകള്‍ മിരായയും. മുത്തശ്ശി ഇന്ദിരാഗാന്ധിയുമായുള്ള രൂപഭാവ സാദൃശ്യം കാരണം പ്രിയങ്കയെ ഇന്ദിരയുടെ പ്രതിരൂപമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്.
POLITICAL JOURNEY OF PRIYANKA (ETV Bharat) 2004 ല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയപ്പോഴാണ് പ്രിയങ്ക ആദ്യമായി രാഷ്‌ട്രീയത്തിലിറങ്ങുന്നത്. അന്ന് അമേഠിയില്‍ രാഹുലിനും റായ്ബറേലിയില്‍ അമ്മ സോണിയക്കും വേണ്ടി പ്രിയങ്ക പ്രചാരണം നടത്തി. ഉള്‍വലിഞ്ഞു നില്‍ക്കുന്ന പ്രകൃതക്കാരനായ രാഹുലിനേക്കാള്‍ പ്രിയങ്കയ്ക്ക് രാഷ്‌ട്രീയത്തില്‍ തിളങ്ങാനാകുമെന്ന് പ്രവര്‍ത്തകരും നേതാക്കളും ഒറ്റ സ്വരത്തില്‍ പറഞ്ഞെങ്കിലും പ്രിയങ്ക വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ഇതിനിടയില്‍ പതുക്കെയെങ്കിലും അവര്‍ പാര്‍ട്ടിയില്‍ ചുവടുവെച്ചു തുടങ്ങിയിരുന്നു.
തമ്മിലടിയുടെ കൂടാരമായിരുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ നേതാക്കളെ ഒറ്റക്കുടക്കീഴില്‍ കൊണ്ടു വരികയെന്ന ദൗത്യമാണ് പ്രിയങ്ക ആദ്യം ഏറ്റെടുത്തത്. 2007 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വേളയില്‍ അവര്‍ ഈ ദൗത്യം ഏറ്റെടുത്തു. പക്ഷേ അപ്പോഴും തെരഞ്ഞെടുപ്പ് വേളയിലും പ്രചാരണങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന നേതാവായിരുന്നു പ്രിയങ്ക. 2019 ല്‍ പാര്‍ട്ടി പ്രിയങ്കയ്ക്ക് ഗൗരവതരമായ ഉത്തരവാദിത്തങ്ങള്‍ നല്‍കി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. അടുത്ത വര്‍ഷം തന്നെ ഉത്തര്‍പ്രദേശിന്‍റെ മുഴുവന്‍ ചുമതലയും പ്രിയങ്കയ്ക്കായി.
വേറിട്ട ഒരു പ്രിയങ്കയെ രാജ്യം കണ്ടത് ലഖിംപൂര്‍ ഖേരി സംഭവത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭത്തിലാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രികൂടിയായ ബിജെപി നേതാവ് അജയ് മിശ്രയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ പ്രിയങ്ക അതിശക്തമായി പ്രതിഷേധവുമായിറങ്ങി. ആദ്യം വീട്ടു തടങ്കലിലാക്കിയെങ്കിലും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പ്രിയങ്ക ലഖിംപൂര്‍ ഖേരിയിലേക്ക് പുറപ്പെട്ടു. പിന്നീട് കസ്‌റ്റഡിയിലായി. അന്ന് പൊലീസുമായി തര്‍ക്കിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. സാധാരണ നേതാവില്‍ നിന്ന് സമര മുഖങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന നേതാവെന്ന പ്രതിച്‌ഛായയിലേക്ക് പ്രിയങ്ക വളര്‍ന്നു.
2022 ലെ ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് പ്രിയങ്കയായിരുന്നു. യുവാക്കളേയും വനിതകളേയും ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയുമായി 399 സീറ്റുകളിലേക്ക് മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. തൊട്ടു മുന്‍ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുണ്ടായിരുന്നത് 2022 ല്‍ രണ്ടായി കുറഞ്ഞു. വനിതാ വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് നടത്തിയതെങ്കിലും അതൊന്നും താഴേത്തട്ടിലെത്തിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സാധാരണ ജനങ്ങളുമായി ബന്ധം നഷ്‌ടപ്പെടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട് പ്രിയങ്ക സംഘടനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രയത്നിച്ചു. 2023ല്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയില്‍ നിന്ന് മാറിയെങ്കിലും പ്രിയങ്കയുടെ പ്രത്യേക ശ്രദ്ധ അവിടെയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ മുഴുകിയ പ്രിയങ്കയ്ക്കു കൂടി അവകാശപ്പെട്ടതാണ് 52 ല്‍ നിന്ന് 99 ലേക്കുള്ള കോണ്‍ഗ്രസിന്‍റെ വളര്‍ച്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ കെട്ടുതാലി പരാമര്‍ശത്തില്‍ ഒരു പെണ്‍പുലിയുടെ കരുത്തോടെയാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് രംഗത്ത് ചീറിയാര്‍ത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടര്‍മാരുടെ കെട്ടുതാലിയടക്കം കവര്‍ന്നെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പ്രിയങ്ക അതിവൈകാരികമായ മറുപടിയാണ് നല്‍കിയത്. മുത്തശ്ശി ഇന്ദിരാഗാന്ധി അവരുടെ കെട്ടുതാലി യുദ്ധഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. അച്‌ഛന്‍ രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ടപ്പോള്‍ അമ്മ സോണിയാ ഗാന്ധിയും കെട്ടുതാലി രാജ്യത്തിനു വേണ്ടി ത്യജിച്ചിട്ടുണ്ടെന്ന പ്രിയങ്കയുടെ വാക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും വല്ലാതെ ഏശിയിരുന്നു.
സഹോദരന്‍ രാഹുല്‍ ഗാന്ധി രാജ്യമെങ്ങും പ്രചാരണവുമായി ഓടി നടന്നപ്പോള്‍ അമേഠിയിലും റായ്ബറേലിയിലും ഉത്തര്‍പ്രദേശിലും പ്രിയങ്കയാണ് എല്ലാകാര്യങ്ങളും നോക്കിനടത്തിയത്. അമേഠിയില്‍ സ്‌മൃതി ഇറാനിയെ അട്ടിമറിച്ചതിനു പുറമേ ഉത്തര്‍പ്രദേശില്‍ ആറു സീറ്റ് വിജയിക്കാന്‍ പ്രിയങ്കയുടെ പ്രയത്നങ്ങള്‍ സഹായിച്ചു. രാഹുല്‍ വയനാട് ഒഴിയുന്നതോടെ വയനാട്ടില്‍ മല്‍സരിക്കാന്‍ പ്രിയങ്കയെത്തുകയാണ്. അതോടെ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലൊന്നാകെ പാര്‍ട്ടിയെ ശക്തമാക്കാനുള്ള ചുമതലയിലേക്ക് പ്രിയങ്ക മാറുമെന്നാണ് സൂചന.
Also Read:അമ്മ രാജ്യസഭയിലും മകനും മകളും ലോക്‌സഭയിലും, ഇത് 'രാജവംശത്തിന്‍റെ പ്രതീകം'; വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വിമര്‍ശനവുമായി ബിജെപി