പാലക്കാട്: യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ ജനരോഷം ശരിയായി പ്രതിഫലിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നതാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കുറയുക പതിവാണ്. ഒ രാജഗോപാൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ പോലും അത് കണ്ടിരുന്നു. പാലക്കാട് ഒരോ ബൂത്തിലും ശരാശരി പത്ത് മുതൽ ഇരുപത് വോട്ടു വരെ എൻഡിഎയ്ക്ക് കുറഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം എന്താണെന്ന് പരിശോധിക്കുമെന്നും' സുരേന്ദ്രൻ വ്യക്തമാക്കി.
'പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. ചേലക്കരയിലെ തോൽവി കാണിക്കുന്നത് അതാണ്. പാലക്കാട്ടെ തോൽവി സിപിഎമ്മിന് താക്കീതാണെന്നും' കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനകള്‍ തിരിച്ചടിയായെന്ന് ലീഗ് നേതാക്കള്‍
പാലക്കാട്ടെ വിജയത്തിന്‍റെ ക്രെഡിറ്റ് യുഡിഎഫിനെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്‌ലീം ലീഗിന്‍റേത് വാചാലമായ നിശബ്‌ദ പ്രവർത്തനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽഡിഎഫിന് തന്നെ തിരിച്ചടിയായി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കാത്ത പ്രസ്‌താവനകളാണ്. പത്രപരസ്യം ഗുണം ചെയ്‌തില്ലെന്നും പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യുഡിഎഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്‌ചവെച്ചെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.