കേരളം

kerala

ETV Bharat / state

ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പൊലീസ് ചോദ്യം ചെയ്യുന്നു - സാബു ജേക്കബ്

ജനുവരി 21 ന് കോലഞ്ചേരി സെൻ്റ് പീറ്റേർസ് കോളജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ സാബു എം ജേക്കബ് ജാതീയവും വംശീയമായ അധിക്ഷേപം നടത്തി എന്നാണ് എംഎല്‍എ ശ്രീനിജന്‍റെ പരാതി. എം.എൽ എ യുടെ പരാതിയിൽ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് തുടർ നടപടികള്‍ ആരംഭിച്ചത്.

Sabu Jacob twenty 20  Twenty 20 party  case against Sabu Jacob  സാബു ജേക്കബ്  ട്വൻ്റി 20 കിഴക്കമ്പലം
Twenty 20

By ETV Bharat Kerala Team

Published : Feb 21, 2024, 12:35 PM IST

എറണാകുളം :ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് പുത്തൻ കുരിശ് ഡി വൈ എസ് പി ഓഫീസിൽ സാബു എം ജേക്കബ് ഹാജരായത്. പി.വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിന്മേലാണ് പുത്തൻ കുരിശ് പൊലീസ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.

ഇതേ തുടർന്ന് സാബു ജേക്കബ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താത്‌കാലികമായി അറസ്റ്റ് തടഞ്ഞ കോടതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. ജനുവരി 21 ന് കോലഞ്ചേരി സെൻ്റ് പീറ്റേർസ് കോളജ് ഗ്രൗണ്ടിൽവച്ച് നടന്ന സമ്മേളനത്തിൽ സാബു എം ജേക്കബ്, ഒരു നിയമസഭാംഗം എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഔദ്യോഗികമായി താൻ നിർവഹിക്കേണ്ട ചുമതലകൾ ചെയ്യാന്‍ കഴിയാത്ത തരത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് പ്രസംഗിച്ചുവെന്നാണ് പി.വി. ശ്രീനിജൻ എംഎൽഎയുടെ പരാതി.

ഹിന്ദു-പുലയ സമുദായാംഗമായ താൻ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോടുകൂടിയാണ് ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെടുന്ന സാബു എം ജേക്കബ് എന്നെ കാട്ടുമാക്കാൻ 'പ്രത്യുത്പാദന ശേഷിയില്ലാത്തവൻ','മനുഷ്യനും മൃഗവുമല്ലാത്ത ജന്തു' എന്നിങ്ങനെയുള്ള നിരവധി ജാതീയവും വംശീയവുമായ അധിക്ഷേപങ്ങൾ പ്രസംഗത്തിൽ നടത്തിയത്. ഇത് നേരിട്ടും മൊബൈലിൽ കൂടിയും ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ കൂടിയും കണ്ട നിരവധിപേർ മോശമായി എന്നോട് സംസാരിക്കുകയും ഉണ്ടായി. സാബു എം ജേക്കബിന്‍റെ വാക്കുകൾ മാനഹാനിയും മനോവേദനയും ഉണ്ടാക്കിയിട്ടുള്ളതാണെന്നും എംഎൽഎ പരാതിയിൽ പറയുന്നു.

1989 ലെ പട്ടികജാതി - പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചും സാബു എം ജേക്കബിനും അന്ന് വേദിയിൽ ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന വ്യക്തികൾക്കുമെതിരെയും കേസെടുത്ത് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പി.വി. ശ്രീനിജൻ എം.എൽ.എ പരാതിയിൽ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പൊലീസ് നിയമോപദേശം തേടി. ഇതോടെ, എം.എൽ എ യുടെ പരാതിയിൽ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്ന് നിയമോപദേശം ലഭിക്കുകയും ചെയ്‌തു.

തുടർന്നാണ് പുത്തൻ കുരിശ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത്. ഇതേ പ്രസംഗത്തിനെതിരെ സിപിഎം പ്രവർത്തകൻ്റെ പരാതിയിൽ സാബുവിനെതിരെ കലാപാഹ്വാനത്തിനും പൊലീസ് കേസെടുത്തിരുന്നു. സാബു ജേക്കബ് പി.വി ശ്രീനിജൻ എംഎൽഎക്കെതിരെ 2002 ൽ നടത്തിയ സാമൂഹിക ബഹിഷ്‌കരണ ആഹ്വാനത്തിലും കേസ് നിലവിലുണ്ട്.

ABOUT THE AUTHOR

...view details