Kattappana Double Murder Case ഇടുക്കി :കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിധീഷ് കൊടുംകുറ്റവാളിയെന്ന് പൊലീസ്. കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യയെ ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചതായി മൊഴിയുണ്ട്. ഇവരെ കൊല്ലാൻ നീക്കം നടത്തിയതായും സൂചനയുണ്ട്. ഏപ്രിൽ 15 ന് വിജയന്‍റെ ഭാര്യയുടെ ആയുസ് അവസാനിക്കുമെന്നാണ് നിധീഷ് ഇവരെ വിശ്വസിപ്പിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം രാവിലെ രണ്ട് ഗോതമ്പ് ദോശയും വൈകിട്ട് റേഷനരിയുടെ ഒരു തവി കഞ്ഞിയുമായിരുന്നു നിതീഷ് അവർക്ക് നൽകിയിരുന്നത്. ഇതേ സമയം നിധീഷും വിജയൻ്റെ മകളും കഴിച്ചിരുന്നത് മാംസാഹാരം ഉൾപ്പെടെയുള്ള നല്ല ഭക്ഷണങ്ങളായിരുന്നു.
ഈ മാസം 15 വരെ മാത്രമേ ആയുസ് ഉള്ളുവെന്നായിരുന്നു വിജയൻ്റെ ഭാര്യയെ നിധീഷ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇരട്ടക്കൊലപാതക കേസിൽ ഇയാൾ പൊലീസ് പിടിയിലായതിനാലാണ് ഇവരുടെ ആയുസ് നീട്ടിക്കിട്ടിയതെന്ന് അധികൃതർ പറഞ്ഞു. വിജയന്‍റെ ഭൂമി വിറ്റ് കിട്ടിയ പണം പൂജയിലൂടെ അപ്രത്യക്ഷമായെന്ന് നിതീഷ് പറഞ്ഞുവെന്നും അന്വേഷണസംഘത്തിന് അവർ മൊഴി നൽകി. പണത്തിനായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിതീഷ് ആക്രി സാധനങ്ങൾ മോഷ്‌ടിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ആർക്കും സംശയം ഉണ്ടാകാതിരിക്കാൻ വേണ്ടിയാകാം അയാൾ ആക്രി സാധനങ്ങൾ മോഷ്‌ടിച്ചത്. കെട്ടിടം പണിയുന്ന സൈറ്റുകളിൽ നിന്ന് കമ്പിയും മറ്റും മോഷ്‌ടിച്ച് മുറിച്ച ശേഷം നിതീഷ് വിൽപ്പന നടത്തിയിരുന്നു. ഇത് വിറ്റാൽ നല്ല പണം, മാത്രമല്ല ആർക്കും സംശയവും ഉണ്ടാവില്ല. മോഷണത്തിന് നിതീഷ് മുന്നിൽ നിർത്തിയത് വിജയന്‍റെ മകൻ വിഷ്‌ണുവിനെയായിരുന്നു.
വിജയന്‍റെ ഭാര്യക്കും മകൾക്കും ഗന്ധർവ്വ ശാപമുണ്ടന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരെയും നിതീഷ് പീഡിപ്പിച്ചത്. വിജയനും കുടുംബാംഗങ്ങൾക്കും നിധീഷിനെ പൂർണ്ണവിശ്വാസമായിരുന്നു. ഇയാളുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ അവർ തയ്യാറായിരുന്നു.
ലബ്ബക്കടയിൽ ഡിസംബറിൽ നടന്ന മോഷണത്തിന് പിന്നിലും നിധീഷും വിഷ്‌ണുവുമാണന്നാണ് പൊലീസ് നിഗമനം. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. നിധീഷിനെ വശ്വസിച്ചത് കാരണം താൻ മക്കളുടെ ഭാവി ഇല്ലാതാക്കിയതായി വിജയൻ, കൊല്ലപ്പെടുന്നതിന് ഒരാഴ്‌ച മുമ്പ് മകളോട് പറഞ്ഞിരുന്നതായും മൊഴി നൽകിയിട്ടുണ്ട്. ഇതാവാം വിജയന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കുടുംബത്തിലെ ഓരോരുത്തരെ ഇല്ലാതാക്കി വിജയൻ്റെ മകളുമായി സ്ഥലം വിടുകയായിരുന്നു നിധീഷിന്‍റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.
Also Read : കട്ടപ്പന ഇരട്ടകൊലക്കേസ്; കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്‌റ്റില്‍