എറണാകുളം:കാലടി ശ്രീശങ്കര കോളജിലെ വിദ്യാർഥിനികളുടെ ചിത്രം സോഷ്യൽ മീഡിയ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി രോഹിത്തിനെതിരെ പോക്‌സോ കുറ്റവും ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തു എന്ന പരാതിയിലാണ് പൊലീസ് നടപടി. പുതിയ പരാതിയെ തുടർന്ന് പ്രതി രോഹിത്തിനെ പൊലീസ് ഇന്നലെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോളജിലെ പൂർവ വിദ്യാർഥിയായ രോഹിത്തിനെ വിദ്യാർഥിനികളുടെ ഫോട്ടോ ദുരുപയോഗം ചെയ്‌ത കേസിൽ നേരത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. ഇതിനെതിരെ നിയമസഭയിലടക്കം ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കാലടി പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയെ വീണ്ടും കസ്‌റ്റഡിയിലെടുത്തത്. കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു രോഹിത്ത് എന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.