ബിസിനസ് തിരക്കിൽ അബ്‌റാര്‍ ബിന്‍ സലിം (ETV Bharat) ഇടുക്കി: കൂട്ടുകാർ കളിച്ച് ഉല്ലസിക്കുമ്പോൾ ബിസിനസിന്‍റെ തിരക്കിലാണ് ഇടുക്കിക്കാരനായ അബ്റാർ ബിൻ സലിം. ഈ കൗമാരക്കാരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിദേശ രാജ്യങ്ങളിൽ പോലും ഉപഭോക്താക്കൾ ഉണ്ട്. പ്ലസ് ടു പഠനത്തിന്‍റെ തിരക്കിനിടയിലാണ് അബ്റാർ ബിസിനസും കൈകാര്യം ചെയ്യുന്നത്.
കുട്ടിക്കാലം മുതൽ കമ്പ്യൂട്ടറിൽ വലിയ താത്‌പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് നെടുംകണ്ടം സ്വദേശിയായ അബ്റാർ ബിൻ സലിം. കൊവിഡ് സമയമാണ് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇടയാക്കിയത്. ആ സമയത്ത് സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്‍റെ സഹായത്തോടെ അബ്‌റാർ ഹാർഡ് വെയർ പഠനം ആരംഭിച്ചു. തുടർന്ന് ഓൺലൈൻ സഹായത്തോടെ വെബ് ഡിസൈനിങ്ങിൽ വൈദഗ്ധ്യം നേടി. ശേഷം ഒന്നര വർഷം മുൻപ് അബ്റാർ ഫ്യൂച്ചർ ടെക് എന്ന പേരിൽ കമ്പനി ആരംഭിച്ചു.
വെബ് സൈറ്റ് ഡിസൈനിങും അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ സേവനവുമാണ് ഫ്യൂച്ചർ ടെക് പ്രധാനമായും നൽകി വരുന്നത്. സ്വന്തമായി ഡിസൈൻ ചെയ്യുന്നതിനൊപ്പം ഫ്രീ ലാൻസേഴ്‌സിനും അവിടെ ജോലി നൽകുന്നുണ്ട്. ഇടുക്കിയിലെ വിവിധ സ്ഥാപനങ്ങൾ അബ്റാർ ടെക്കിന്‍റെ സേവനം പ്രയോജനപെടുത്തുന്നുണ്ട്.
വണ്ടൻമേട് എംഇഎസ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അബ്റാർ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് പഠനത്തിൽ ഇടവേള കണ്ടെത്തി ബിസിനസ് കാര്യങ്ങൾ നോക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ മികച്ച വളർച്ച കരസ്‌തമാക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടൊപ്പം പുതിയ സ്‌റ്റാർട്ട് ആപ്പുകളിലും ഈ കൗമാരക്കാരൻ പങ്കാളി ആയിട്ടുണ്ട്.
Also Read:ഇടുക്കിയുടെ ഓർക്കിഡ് വൈവിധ്യങ്ങളെ അടുത്തറിയാം; 'ഓര്‍ക്കിഡ് കോര്‍ണർ' ഒരുക്കി സംരംഭക കൂട്ടായ്‌മ