തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തടഞ്ഞ് കെഎസ്‌യു പ്രതിഷേധം. മന്ത്രി ഒ ആർ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം വഴുതക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു കെഎസ്‌യു പ്രവർത്തകർ തടഞ്ഞത്.
പ്ലസ് വൺ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിപക്ഷ വിദ്യാർഥി സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും നാളുകളായി സമര രംഗത്തുണ്ട്. ഇതിന് പിന്നാലെ എസ്എഫ്ഐയും സീറ്റ് വിഷയം പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് നാളെ മലപ്പുറത്ത് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.