തിരുവനന്തപുരം: മഞ്ഞുപാളികള്‍ ഒളിപ്പിച്ചു വച്ചിരുന്നിട്ടും 56 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത മലയാളി സൈനികന്‍റെ മൃതദേഹം ഒടുവില്‍ ബന്ധുക്കളിലേക്ക്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ തോമസ് ചെറിയാന്‍റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഏറ്റുവാങ്ങി. കരസേനയില്‍ ക്രാഫ്‌ട്‌മാനായി സേവനമനുഷ്‌ഠിച്ചു വരവേ 1968ലാണ് ഹിമാചലിലെ കുളു ജില്ലയിലെ റോത്തങ് പാസില്‍ മഞ്ഞുമലയില്‍ വിമാനം കാണാതായി തോമസ് ചെറിയാന്‍ വീരമൃത്യു വരിച്ചത്.
പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍, ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ കമാന്‍ഡര്‍, സൈനികന്‍റെ അടുത്ത ബന്ധുക്കള്‍, കേന്ദ്ര-സംസ്ഥാന പ്രമുഖര്‍ എന്നിവര്‍ മൃതദേഹത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എംപി, ശംഖുമുഖം എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ടിഎന്‍ മണികണ്‌ഠന്‍, ജില്ല കലക്‌ടര്‍ അനു കുമാരി, സൈനിക വെല്‍ഫെയര്‍ ഡയറക്‌ടര്‍, റിട്ട.ക്യാപ്റ്റന്‍ ഷീബ രവി കരസേനയിലെയും വ്യോമസേനയിലെയും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍, സഹോദരന്‍ തോമസ് തോമസ് ഉള്‍പ്പെടെ വീരമൃത്യു വരിച്ച സൈനികന്‍റെ ബന്ധുക്കള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ഒക്‌ടോബര്‍ 03) പാങ്ങോട് സൈനികാശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ (വെള്ളിയാഴ്‌ച) പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരില്‍ സംസ്‌കരിക്കും. ഇന്ത്യന്‍ സൈന്യം ഇതുവരെ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിലാണ് മലയാളിയായ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ 4 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.