എറണാകുളം :ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാതിരുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തസ്ഥലത്തേക്ക് പോകാനായി വീണ ജോർജ് വിമാനത്താവളം വരെ എത്തിയെങ്കിലും പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാൽ യാത്ര സാധിച്ചില്ല. അത് ശരിയായ സമീപനമല്ല, എന്നാല്‍ ഇത് വിവാദത്തിനുള്ള സമയമല്ലെന്നും പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ച 23 മലയാളികളുടെ മൃതദേഹം കൊച്ചിയില്‍ ഏറ്റുവാങ്ങാനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പ്രവാസ ജീവിതത്തിനിടയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച 23 മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്. 50 പേർ മരണപ്പെട്ടതായാണ് ഇതിനകം വന്നിട്ടുള്ള വിവരം. കേരളത്തിന്‍റെ ജീവനാഡി ആയാണ് പ്രവാസികളെ നമ്മൾ കാണുന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ടവരിൽ 33 പേർ പേരുടെ മൃതദേഹമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതിൽ 23 പേർ കേരളീയരും 7പേർ തമിഴ്‌നാട്ടുകാരും ഒരാൾ കർണാടക സ്വദേശിയുമാണ്.