തിരുവനന്തപുരം :പേട്ടയിൽ നിന്നും രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ ഇന്ന് (മാര്‍ച്ച് 4) കോടതിയിൽ ഹാജരാക്കും. പ്രതിയെ രാവിലെ 11 മണിക്ക് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ (മാര്‍ച്ച് 3) രാവിലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് (Petta Kidanap Case).
നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കല്ലമ്പലത്ത് 4 കേസുകളും ആലപ്പുഴ സൗത്തിൽ ഭവന ഭേദനം, ഓട്ടോറിക്ഷ മോഷണ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. വിവിധ കേസുകളില്‍ അകപ്പെട്ട ഇയാള്‍ മൂന്നര വർഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൃത്യമായ അഡ്രസോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്ത ഇയാള്‍ക്ക് സ്ഥിരം ജോലിയില്ല. ഗുജറാത്തിൽ ജനിച്ച പ്രതി ചെറുപ്പത്തില്‍ കേരളത്തിലെത്തിയതാണ്.