കാസർകോട് കോൺഗ്രസിൽ പോര് മുറുകുന്നു (ETV Bharat) കാസർകോട്:പെരിയ വിവാഹ വിവാദത്തിൽ നേതാക്കൾ പുറത്താക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം കത്തുന്നു. പുറത്താക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തി. പെരിയയിൽ പ്രതിഷേധ പ്രകടനങ്ങളും പോസ്റ്റർ പ്രചാരണവും വ്യാപകമായി.
പെരിയ ടൗണിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തെ നിശിതമായി വിമർശിക്കുന്നതാണ് പോസ്റ്റർ. 'രക്തസാക്ഷികളായ കൃപേഷും ശരത് ലാലും രാജ്മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്‍റിനും കച്ചവട ഉപകരണം മാത്രം', 'രാജ്മോഹൻ ഉണ്ണിത്താൻ വരത്തൻ പട്ടിയും എട്ടുകാലി മമ്മൂഞ്ഞും, പാർട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ നേതൃത്വം വീട്ടിൽ പോയി കിടന്നുറങ്ങണം' എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉള്ളത്.
യൂത്ത് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഇതിനിടെ പെരിയയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്‌ച രാത്രി പ്രകടനവും നടത്തി. ഇതോടെ കോൺഗ്രസിനുളിൽ പോര് മുറുകുകയാണ്. പെരിയ കൊലപാതക കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് തുടക്കം.
സംഭവത്തിൽ കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്‍റെ ശുപാർശയെ തുടർന്നായിരുന്നു തീരുമാനം. പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് നേതാക്കളുടെ വീഴ്‌ചയാണ് എന്നായിരുന്നു കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്‌ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്. മെയ് 8ന് നടന്ന വിവാഹ സൽക്കാരത്തിൽ ആയിരുന്നു നേതാക്കൾ പങ്കെടുത്തത്. കോൺഗ്രസ് നേതാവ് ചടങ്ങിൽ പങ്കെടുത്തതിന്‍റെ ചിത്രവും പുറത്ത് വന്നിരുന്നു. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്.
ALSO READ:'നടപടി ഏകപക്ഷീയം, ഉണ്ണിത്താനെതിരെയുള്ള യുദ്ധം ഇവിടെ തുടങ്ങുന്നു': ബാലകൃഷ്‌ണന്‍ പെരിയ