കണ്ണൂര്‍ എഡിഎം ഇതുവരെ മോശം ട്രാക്ക് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥന്‍... മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നന്മ മാത്രം. അഞ്ച് പൈസ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു. കറ തീര്‍ന്ന സിപിഎമ്മുകാരന്‍. തുടക്കത്തില്‍ എന്‍ജിഒ യൂണിയന്‍റെ സജീവ പ്രവര്‍ത്തകന്‍.
എഡിഎം ആയപ്പോഴും ഇടതു സര്‍വീസ് സംഘടനയില്‍ തുടര്‍ന്നു. കാസര്‍കോട് എഡിഎം ആയിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നവീന്‍ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേരത്തേ സ്ഥലം മാറ്റപ്പെട്ടവരെയെല്ലാം തിരികെ മാറ്റിയെങ്കിലും നവീനെ മാത്രം മാറ്റിയില്ല.
കണ്ണൂരില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയത മൂലം മാനസിക സമ്മര്‍ദം ഏറിയതോടെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചു. വിരമിക്കാന്‍ ഏഴ് മാസം മാത്രമുള്ളപ്പോഴായിരുന്നു ഇത്. അദ്ദേഹത്തെ കണ്ണൂരില്‍ നിന്ന് വിടാന്‍ സിപിഎമ്മിലെ ഒരു പറ്റം നേതാക്കള്‍ക്ക് മടിയായിരുന്നു. വളരെയധികം സമ്മര്‍ദം ചെലുത്തിയാണ് പത്തനംതിട്ട എഡിഎമ്മായി സ്ഥലം മാറ്റം വാങ്ങിയത്.
കണ്ണൂരില്‍ നിന്ന് യാത്രയയപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന നവീന്‍ ബാബുവിന് വേണ്ടി ഭാര്യ കാത്തിരിക്കുമ്പോഴാണ് മരണ വാര്‍ത്ത എത്തുന്നത്. ഇതോടെ നവീനിന്‍റെ മലയാലപ്പുഴയിലെ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമായി.
നവീൻ ബാബു സാറിന്‍റെ മരണ വാർത്ത അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് കാസർകോട് നിന്നുള്ള മുന്‍ സഹപ്രവര്‍ത്തക വത്സല. അദ്ദേഹം അഴിമതി നടത്തുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്‍റെ കീഴിലുള്ള സഹപ്രവർത്തകാരോട് സ്നേഹത്തോടെ അല്ലാതെ പെരുമാറുന്നത് കണ്ടിട്ടില്ല. ഇതുവരെ അദ്ദേഹത്തിന് എതിരെ ഇങ്ങനെ ആരോപണം ഉണ്ടായിട്ടില്ലെന്നും വത്സല ഇടിവി ഭാരതിനോട് പറഞ്ഞു.