അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് പി സി തോമസ് കോട്ടയം: കെഎം മാണിയുടെ വീട്ടിൽ പോയത് സംബന്ധിച്ച അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് മുൻ എംപിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിങ് ചെയർമാനുമായ പി സി തോമസ്. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് സന്ദർശനം നടത്തിയതെന്നതായിരുന്നു പ്രചാരണം. ഇത് വാസ്‌തവ വിരുദ്ധമാണെന്നും കെഎം മാണിയുടെ ചരമദിനത്തിൽ തൻ്റെ ബന്ധു കൂടിയായ അദ്ദേഹത്തിൻ്റെ പത്നി കുട്ടിയമ്മയെ കാണാനാണ് പോയതെന്നും പി സി തോമസ് പറഞ്ഞു.
പിതാവ് പി ടി ചാക്കോയുടെ സഹോദരിയായ കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മക്ക് തീർത്തും സുഖമില്ലാതിരിക്കുന്നത് കൊണ്ടാണ് സന്ദർശിക്കാൻ പോയത്. ജോസ് കെ മാണി കോട്ടയത്താണെന്നും, വീട്ടിൽ ഇല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പോയതെന്നും തോമസ് വ്യക്തമാക്കി.
കുട്ടിയമ്മ ജോസ് കെ മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് താൻ അവിടെ പോയത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വാർത്തകൾ പൂർണമായും തെറ്റാണ്. മുമ്പ് പലവട്ടവും താൻ അവിടെ പോയിട്ടുണ്ടെന്നും പി സി തോമസ് പറഞ്ഞു.
മാണി സാറിന്‍റെ ചരമദിനത്തിൽ സന്ദർശിച്ച് ആശ്വാസവാക്ക് പറഞ്ഞു പോകാൻ വേണ്ടി മാത്രം കയറിയതാണെന്നും മറിച്ചുള്ള പ്രചാരണം പൂർണമായും നിഷേധിക്കുന്നു. പാർട്ടിയിൽ നിന്ന് രാജി വെച്ച ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, ഒരു പരാതിയും എക്‌സിക്യൂട്ടിവ് ചെയർമാനെതിരെ നൽകിയിട്ടില്ലയെന്നും പി സി തോമസ് പറഞ്ഞു.
ALSO READ:ഓർമകളിൽ നിറഞ്ഞ് കെഎം മാണി; അഞ്ചാം ചരമവാർഷികം ആചരിച്ചു, സ്‌മൃതി സംഗമത്തിൽ പങ്കെടുത്ത് ആയിരങ്ങള്‍