ഇടുക്കി:കാന്തല്ലൂര്‍ മേഖലയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പട്ടിശ്ശേരി അണക്കെട്ടിന്‍റെ നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യം. കേരളം രൂപവത്കൃതമായതിന് ശേഷം സംസ്ഥാന അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ആദ്യ അണക്കെട്ടാണിത്. കാര്‍ഷിക മേഖലയിലുള്ള ജലസേചനം കുടിവെള്ളം എന്നിവ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതി കൂടിയാണിത്.
2014 ലാണ് പട്ടിശ്ശേരി അണക്കെട്ടിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 10 വര്‍ഷം കഴിഞ്ഞിട്ടും 70 ശതമാനം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന മൂന്ന് ടിഎംസി വെള്ളം സംസ്ഥാനത്തിന് ശേഖരിക്കാം. ഇതിന്‍റെ ഭാഗമായാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്.
ഈ വിധിയുടെ കാലാവധി 2032 ല്‍ അവസാനിക്കും. മന്നവന്‍ ചോലയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാനായി 38.2 മീറ്റര്‍ ഉയരവും 140 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് നിര്‍മിക്കുന്നത്. കാന്തല്ലൂര്‍ മേഖലയിലെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഡാം നിര്‍മ്മാണം കരുത്താകുമെന്നിരിക്കെ നിര്‍മ്മാണജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.