കേരളം

kerala

പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടലിന് സാധ്യത, ആളുകളെ ക്യാമ്പുകളിലേയ്‌ക്ക് മാറ്റും - Pathanamthitta rain alert

By ETV Bharat Kerala Team

Published : May 19, 2024, 9:35 AM IST

പത്തനംതിട്ടയിൽ ഇന്നും നാളെയും റെഡ് അലർട്ട്. മലയോര മേഖലയിൽ മഴ കനക്കുമെന്ന് സൂചന.

പത്തനംതിട്ടയിൽ കനത്ത മഴ  HEAVY RAIN IN PATHANAMTHITTA  KERALA WEATHER UPDATE  RAIN ALERT
Heavy rain in Pathanamthitta (Source: ETV Bharat Reporter)

പത്തനംതിട്ട :ജില്ലയിൽ ഇന്നും (മെയ്‌ 19) നാളെയും (മെയ്‌ 20) റെഡ് അലർട്ട്. പത്തനംതിട്ടയിൽ 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യത മുൻനിർത്തി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റും. ളാഹയിലും കോന്നിയിലും കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിൽ മഴ കനക്കുമെന്നാണ് സൂചന.

പത്തനംതിട്ടയിൽ ഇന്നലെ വൈകുന്നേരത്തോടെ എല്ലാ മേഖലകളിലും മഴ തുടങ്ങി. പല പ്രദേശങ്ങളിലും മഴ തുടരുകയാണ്. ജില്ലയിൽ മലയോര മേഖലയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കോന്നി, റാന്നി, അടൂർ, കോഴഞ്ചേരി താലൂക്കുകളിലെ 44 ഇടങ്ങളില്‍ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ളാഹയിൽ ഇന്നലെ രണ്ടു മണിക്കൂറിനിടെ 121 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. കോന്നിയിൽ രണ്ടര മണിക്കൂറിൽ 66 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ഇതിനിടെ റാന്നി പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു മുകളിൽ ശക്‌തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരുക്കേറ്റു. ബസിൻ്റെ മുന്നിലെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്.

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകട ഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും ശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കലക്‌ടർ നിർദേശം നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയവയ്‌ക്ക് സാധ്യതയുള്ളതിനാൽ ഗവിയുൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകില്ല.

ദുരന്ത സാധ്യത മുൻനിർത്തി എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാണ്. കലക്‌ടറേറ്റിൽ ഇതിനായി ജില്ല കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിലവിൽ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും നിർത്തിവച്ചിരിക്കുകയാണ്.

ALSO READ:കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details