ശര്‍മിളയ്‌ക്ക് നിര്‍മിച്ച വീട് (ETV Bharat) കാസർകോട്:പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ഓണറേറിയം തുക ഒരു നിർധന കുടുബത്തിനായി മാറ്റിവച്ച് ഒരു പഞ്ചായത്ത് മെമ്പർ. ചെങ്കള പഞ്ചായത്തിലെ പതിനാറാം വാർഡ് അംഗം പി ശിവപ്രസാദാണ് തന്‍റെ നാല് വർഷത്തെ ഓണറേറിയം ഒരു നിർധന കുടുംബത്തിന് വേണ്ടി ചെലവഴിച്ചത്. എട്ടായിരം രൂപയാണ് ഒരു പഞ്ചായത്ത് മെമ്പറുടെ ഒരു മാസത്തെ ഓണറേറിയം.
2020 മുതൽ ഇതുവരെ ശിവപ്രസാദിന് ലഭിച്ച മുഴുവൻ തുകയും ബേവിഞ്ച സ്വദേശി ശർമിളയ്ക്കും കുടുംബത്തിനും വീട് നിർമാണത്തിനായി കൈമാറി. കുടുംബശ്രീ പ്രവർത്തകരും കൈ കോർത്തപ്പോൾ നിർധനയായ ശർമിളയ്ക്കും കുടുംബത്തിനും സ്വപ്‌ന ഭവനം ഒരുങ്ങി.
ഭർത്താവിന്‍റെ മരണശേഷം രണ്ട് മക്കളെയും ഒരു കരക്കെത്തിക്കാൻ പാടുപെടുന്നതിനിടെയാണ് ശർമിളയുടെ ആകെയുണ്ടായിരുന്ന ഓടിട്ട വീട് നിലം പൊത്തിയത്. ലൈഫ് മിഷനിലും പ്രധാനമന്ത്രി ആവാസ് യോജനയിലും വീട് വൈകുമെന്നായതോടെ കുടുംബത്തിന് വീടൊരുക്കാൻ പഞ്ചായത്ത് അംഗം ശിവപ്രസാദ് തന്നെ നേരിട്ടിറങ്ങുകയായിരുന്നു.
ശിവപ്രസാദിന്‍റെ പേരിലുണ്ടായിരുന്ന മൂന്ന് ചിട്ടികളും വിളിച്ചെടുത്തു. ഒപ്പം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും ഒപ്പം കൂടി. നാട്ടുകാരുടെ സഹായം കൂടി വന്നതോടെ 6 മാസം കൊണ്ട് വീട് നിര്‍മാണം പൂർത്തിയാക്കി. രണ്ട് കിടപ്പ് മുറിയും ഹാളും അടുക്കളയും ഉൾപ്പെടെ 700 ചതുരശ്ര അടിയിലുള്ള വീടിനായി ഏഴര ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവായത്. നല്ലൊരു സമയം നോക്കി വീട് ശർമിളയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണിവർ.
Also Read : മമ്മൂക്കയുടെ മനസ്സ് കവര്‍ന്ന മീൻ കറി ദേ ഇവിടെയുണ്ട് - KOLLAM SPECIAL FISH THALA CURRY