പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്. ഇക്കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായി പാലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. പ്രതിക്ക് സംഭവത്തിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്താമരയുടെ ഭാര്യ വേർപിരിഞ്ഞത് അയൽവാസികൾ കാരണമാണെന്നാണ് ഇയാൾ കരുതിയിരുന്നു. ഈ തെറ്റിധാരണയാണ് വൈരാഗ്യത്തിന് കാരണം. അന്ധവിശ്വാസിയായ ഇയാൾ അയൽവാസി കൂടോത്രം ചെയ്തിരുന്നതായും വിശ്വസിച്ചെന്നും എസ്പി ചൂണ്ടിക്കാട്ടി.
കൊലപാതകത്തിനായി പ്രതി ആയുധമെല്ലാം നേരത്തെ തന്നെ കരുതിവച്ചിരുന്നു. രാവിലെ 10 മണിയോടെയാണ് കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിന് ശേഷം ഫെൻസിങ് മറികടന്ന് മലയിലേക്ക് കയറി. വനപ്രദേശത്തെ കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു പ്രതി. ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് ഇന്നലെ രാത്രി മലയിറങ്ങിയതെന്നും ഭക്ഷണത്തിനായി വീട്ടിലേക്ക് വരുമ്പോഴാണ് പൊലീസ് പിടിച്ചതെന്നും എസ്പി വ്യക്തമാക്കി.
പ്രതിയെ കണ്ടെത്തുന്നതിനായുള്ള പരിശോധനയ്ക്ക് നാട്ടുകാരും സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിൽ താൻ വിഷം കഴിച്ചതായി പ്രതി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതി പറയുന്നതാണെന്ന് തെളിഞ്ഞതായും അജിത് കുമാർ പറഞ്ഞു.