കണ്ണൂർ :പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കണ്ണൂരുകാർക്ക് ഇരട്ട സന്തോഷമാണ്. രണ്ട് പുരസ്‌കാരമാണ് കണ്ണൂരിനെ തേടിയെത്തിയത്. തെയ്യം പകർന്നാടി ഇപി നാരായണൻ പെരുവണ്ണാനും, കഥകളിയിലൂടെ സദനം ബാലകൃഷ്‌ണനും (Two Padma Awards in Kannur) പത്മശ്രീ പുരസ്‌കാര നിറവിലാണ്.
നാരായണനെ തേടി സന്തോഷ വാർത്ത എത്തിയത് മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയാൻ നോറ്റിരിക്കുന്നതിനിടെ
അര നൂറ്റാണ്ടിലധികമായി കോലത്ത് നാടിന്‍റെ തെയ്യാട്ട ഭൂമികയിൽ നിറ സാന്നിധ്യമായ ഇ പി നാരായണൻ പെരുവണ്ണാന് പദ്‌മശ്രീ തിളക്കം. കണ്ണൂർ വളപട്ടണം മുച്ചിലോട്ട് കാവിലെ കളിയാട്ടത്തിനിടെ മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തിന് നോറ്റ് ഇരിക്കുമ്പോൾ ആണ് രാജ്യം പദ്‌മ പുരസ്‌കാരം നൽകി ആദരിച്ച വാർത്ത നാരായണനെ തേടിയെത്തിയത്. ജന്മനക്ഷത്രമായ കന്നി മാസത്തിലെ വിശാഖം നാളിൽ തന്നെ പുരസ്‌കാര വാർത്ത എത്തി എന്നുള്ളത് മുച്ചിലോട്ട് ഭഗവതിയുടെ അനുഗ്രഹമായി അദ്ദേഹം കാണുന്നു.
തളിപ്പറമ്പ് തൃച്ചമ്പലം പാൽക്കുളങ്ങര ഇരട്ട പറമ്പിൽ വീട്ടിൽ നാരായണൻ നാല് വയസ്സു മുതൽ തെയ്യം കെട്ടുന്നുണ്ട്. അടിവേട്ടൻ കെട്ടിയാടിയാണ് തുടക്കം. പതിമൂന്നാം വയസ്സിൽ കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടി. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി ചിണ്ടപെരുവണ്ണാൻ,അഴീക്കോട് കൃഷ്‌ണ പെരുവണ്ണാൻ എന്നിവരാണ് ഗുരുക്കന്മാർ. തെയ്യം രംഗത്തെ സമഗ്ര സംഭാവന മാനിച്ച് 2009ല്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൃഷി വകുപ്പിലെ മുൻ ഡ്രൈവർ കൂടിയാണ് ഇ പി നാരായണൻ.പനക്കാട് ഒതേന പെരുവണ്ണാൻ ആണ് പിതാവ്.അമ്മ മാമ്പയിൽ പാഞ്ചു. ഇപ്പോൾ 68 വയസുള്ള നാരായണൻ, സുരേഷ് ഗോപി ചെയ്‌ത കണ്ണൻ പെരുമൂലയിൽ കഥാപാത്രത്തിന് തെയ്യം കെട്ടിക്കൊടുത്തും തെയ്യമായി നിറഞ്ഞാടിയും കളിയാട്ടം സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പുരസ്‌കാര സന്തോഷത്തിൽ ജനുവരി 29 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി വയ്ക്കും.
ബാലകൃഷ്‌ണൻസദനം : കഥകളിക്കായി അർപ്പിച്ച ജീവിതം :പ്രശസ്‌ത കഥകളി കലാകാരൻ സദനം ബാലകൃഷ്‌ണൻ ഒരു മാസമായി എറണാകുളത്തുള്ള ചോറ്റാനിക്കര ക്ഷേത്രത്തിനടുത്ത് മകൻ പ്രസാദിന്‍റെ വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നുള്ള ഫോൺകോളിലൂടെ ആണ് ഈ വർഷത്തെ പദ്‌മ പുരസ്‌കാരത്തിന്‍റെ (padma awards) സന്തോഷ വാർത്ത അറിയുന്നത്. 30 വർഷത്തോളം അന്താരാഷ്ട്ര കഥകളി പഠന കേന്ദ്രത്തിന്‍റെ ഡയറക്‌ടറും പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ച സദനം ബാലകൃഷ്‌ണൻ 2007 ഇൽ വിരമിച്ചതിനുശേഷം ചെന്നൈ കലാക്ഷേത്രയിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നു.
1944 ജനുവരി 15ന് തളിപ്പറമ്പ് കുറ്റിക്കോലിടത്ത് പുതിയവീട്ടിൽ ജനിച്ച ബാലകൃഷ്‌ണൻ എട്ടാം തരത്തിൽ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് കഥകളി പഠിക്കാൻ പോയതാണ്. പിന്നീട് ആ ജീവിതം കഥകളിയുടെ പര്യായമായി.പഠനം പൂർത്തിയാക്കി അവിടെത്തന്നെ അധ്യാപകനായി മാറിയ അദ്ദേഹത്തിന്‍റെ പേരിൽ സ്ഥാപനവും സ്ഥാപനത്തിന്‍റെ പേരിൽ അദ്ദേഹവും അറിയപ്പെട്ടു. പച്ച, കത്തി, താടി,തുടങ്ങിയ എല്ലാ വേഷങ്ങളിലും കെട്ടിയാടിയ ആദ്ദേഹം.16 ആട്ട കഥകൾ എഴുതി.
മുപ്പത്തിയഞ്ച് കഥകൾക്ക് നൃത്തസംവിധാനം നിർവഹിച്ചു.കഥകളിയെ കുറിച്ച് രണ്ട് ഇംഗ്ലീഷ് പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. സദനം അക്കാദമിയിലെ പഠനം കഴിഞ്ഞ് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ കഥകളി കേന്ദ്രത്തിൽ ചെലവിട്ട അദ്ദേഹം ഡൽഹിയിലേക്ക് പോവുകയായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്‍റെ കഥകളി പുരസ്‌കാരം ,കാലാമണ്ഡലം പുരസ്‌കാരം തുടങ്ങിയ എണ്ണമറ്റ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Also read :പദ്‌മ തിളക്കത്തില്‍ എട്ട് മലയാളികള്‍ ; ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷണ്‍