കോട്ടയം:ഏറ്റെടുക്കാൻ മില്ലുകാരില്ലാത്തതിനാൽ നെൽ കർഷകർ കണ്ണീരിൽ. കോട്ടയം അയ്‌മനം കല്ലുങ്ക പാടശേഖരത്തിൽ 15 ദിവസമായി കൊയ്‌തെടുത്ത നെല്ല് മൂടി സൂക്ഷിക്കുകയാണ് കർഷകർ. മഴ കനത്തതോടെ നെല്ല് സൂക്ഷിക്കാനാവാത്ത അവസ്ഥയിൽ നടത്തിയ അധ്വാനം പാഴായി പോയതിന്‍റെ ദുഃഖത്തിൽ നിസഹയരായി നിൽക്കുകയാണ് കർഷകർ.
അയ്‌മനം പഞ്ചായത്തിലെ കല്ലുങ്കത്ര , ഒളവക്കരി , കൊടുവത്ര പാട ശേഖരങ്ങളിൽ കൃഷിചെയ്യുന്ന കർഷകരാണ് ദുരിതമനുഭവിക്കുന്നത്. കല്ലുങ്കത്ര പാടശേഖരത്ത് നെല്ല് സംഭരണം ഇനിയും നടന്നിട്ടില്ല. ഇവിടെ 100 ഏക്കറോളം വരുന്ന പാടശേഖരത്തെ നെല്ല് കൊയ്‌തെടുത്തിട്ടു 15 ദിവസം കഴിഞ്ഞും നെല്ല് ഏറ്റെടുക്കാനാളില്ലാതെ വന്നതോടെ വഴിയോരത്ത് കൂട്ടിയിട്ട് മൂടി സൂക്ഷിക്കുകയാണ് കർഷകർ.
വേനൽ മഴ കനത്തത്തോടെ നെല്ല് കൂനയുടെ അടിഭാഗത്തെ നെല്ല് കിളിർത്തു തുടങ്ങി. ഇനി അധിക നാൾ നെല്ല് ഇതുപോലെ സൂക്ഷിക്കാനാകില്ല. വീടുകളിൽ വെള്ളം കയറുന്നതിനാൽ നെല്ല് സൂക്ഷിക്കാൻ മറ്റു മാർഗമില്ലെന്ന് കർഷകനായ സാനു പറഞ്ഞു. 21ഏക്കറിൽ 22 ക്വിന്‍റൽ നെല്ല് കിട്ടിയിരുന്നിടത്ത് ഉഷ്‌ണ തരംഗം മൂലം അഞ്ച് ക്വിന്‍റൽ നെല്ല് മാത്രമാണ് കർഷകർക്ക് കിട്ടിയത്. ഇത് വലിയ സാമ്പത്തിക നഷ്‌ടമാണ് കർഷകർക്ക് ഉണ്ടാക്കിയത്.