മലപ്പുറം: ജീവിതയാത്രയിലെ പ്രതിസന്ധികളിൽ വഴി തെളിക്കാൻ ചിലർ വരും. കേരള രാഷ്ട്രീയത്തിലെ തന്ത്രഞ്ജനായ പി കെ കുഞ്ഞാലിക്കുട്ടിക്ക് അങ്ങനെയൊരു ആളുണ്ട്. വർഷങ്ങൾക്ക് ശേഷം ആ വഴികാട്ടിയെ കാണാന്‍ തിരക്കെല്ലാം മാറ്റിവച്ച് കുഞ്ഞാലിക്കുട്ടി എത്തിയപ്പോള്‍ അതൊരു വൈകാരിക നിമിഷമാവുകയായിരുന്നു.
ജാനകി ടീച്ചറെ കുറിച്ച് എപ്പോഴും വാചാലനാകാറുണ്ട് പികെ കുഞ്ഞാലികുട്ടി. പാതി വഴിയിൽ നിന്ന് പോകുമായിരുന്ന പഠനം മുന്നോട്ട് പോകാനുള്ള കാരണം ജാനകി ടീച്ചറുടെ വാക്കുകളായിരുനെന്ന് കുഞ്ഞാലികുട്ടി ഒരിക്കൽ കൂടി ഓർത്തു. ടീച്ചര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് രാഷ്ട്രീയ കേരളത്തിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന കുഞ്ഞാലക്കുട്ടിയുടെ ജീവിതം മറ്റൊന്നാകുമായിരുന്നു.
ടീച്ചറുടെ 84ാം പിറന്നാൾ ദിനത്തിലാണ് തിരക്കുകളെല്ലാം മാറ്റിവച്ച് പ്രിയശിഷ്യൻ സ്നേഹസമ്മാനവുമായി എത്തിയത്. വേങ്ങര ഹൈ സ്‌കൂളിലെ പഴയ ഒൻപതാം ക്ലാസുകാരനായാണ് കുഞ്ഞാലിക്കുട്ടി ടീച്ചറുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പഠിക്കാന്‍ കഴിവുളള കുട്ടിയാണല്ലോ, പഠിക്കാനുളള സൗകര്യവുമുണ്ട്, പഠിച്ചുകൂടെ എന്ന് ടീച്ചര്‍ ചോദിച്ചു.