എറണാകുളം:രാജ്യാന്തര അവയവക്കടത്ത് കേസിൽ ഇരകളായ എല്ലാവരെയും സംഘം കബളിപ്പിച്ചതായി പൊലീസ്. അവയവം നൽകിയ ആർക്കും വാഗ്‌ദാനം ചെയ്‌ത മുഴുവൻ തുകയും നൽകിയിട്ടില്ല. അവയവദാതാക്കളിൽ ഏക മലയാളിയായ പാലക്കാട് സ്വദേശി ഷമീറിന് വാഗ്‌ദാനം ചെയ്‌തത് ഇരുപത് ലക്ഷമായിരുന്നുവെന്നും എന്നാൽ നൽകിയത് 6 ലക്ഷം മാത്രമാണന്നും പൊലീസ് കണ്ടെത്തി. ബാക്കി തുക ചോദിച്ചിട്ടും നൽകിയിരുന്നില്ല.
പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്‌റ്റിടാൻ ഷമീറിനെ നിർബന്ധിച്ചത് അവയവക്കടത്ത് സംഘമായിരുന്നു. ഷമീർ ഒളിവിൽ പോയത് മുഖ്യ ആസൂത്രകനായ മധുവിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു. ഷമീറിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഷമീർ വൃക്ക നൽകിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണെന്നും നിലവിൽ ഇയാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ആലുവ റൂറൽ എസ് പി വൈഭവ് സക്‌സേന വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120( ബി), 470 എന്നീ വകുപ്പുകൾ കൂടി ഈ കേസിൽ അധികമായി ചുമത്തിയതായും എസ്‌പി വ്യക്തമാക്കി. മധുവിനെ ഇറാനിൽ നിന്നും തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരൻ സജിത്തിന്‍റെ അക്കൗണ്ടിലൂടെ വൻ തുകയുടെ ഇടപാട് നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.