എറണാകുളം: അവയവ കച്ചവട റാക്കറ്റിലെ പ്രധാന കണ്ണിയായ പ്രതി സാബിത്തിനെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അവയവ കച്ചവടത്തിൻ്റെ ഹൈദരാബാദ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കുന്നത്. കേരളത്തിൽ നിന്നും നിരവധി അതിഥി തൊഴിലാളികളെ അവയവ കച്ചവട സംഘത്തിന് കൈമാറിയതായാണ് സംശയിക്കുന്നത്. എന്നാൽ ഇവരെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. അതേ സമയം പ്രതി ഇറാനിലേക്ക് കടത്തിയ ഇരുപത് പേരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇറാൻ എംബസിയുടെ സഹായവും അന്വേഷണ സംഘം തേടിയേക്കും.
പൊലീസ് കസ്‌റ്റഡിയിലുള്ള പ്രതി സാബിത്തിൻ്റെ ചോദ്യം ചെയ്യൽ മൂന്നം ദിവസവും തുടരുകയാണ്. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിലാണ് വിട്ടത്. കസ്‌റ്റഡി നീട്ടിചോദിക്കുന്ന കാര്യവും അന്വേഷണസംഘത്തിൻ്റെ പരിഗണനയിലാണ്. പ്രതിയുടെ ബാങ്ക് രേഖകൾ ഉൾപ്പെടെ പരിശോധിച്ച് അവയവറാക്കറ്റ് സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചിരുന്നു. അവയദാനത്തിന് ഏറ്റവും ലളിതമായ നിയമങ്ങളുള്ള രാജ്യമെന്ന നിലയിലാണ് അവയവ കച്ചവട റാക്കറ്റ് ഇറാൻ തെരഞ്ഞെടുത്തത്. സമ്മത പത്രം നൽകി ഇറാനിൽ ആർക്കും അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും. ഇറാനിൽ ഇരകൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
തൃശൂർ സ്വദേശിയായ പ്രതി സാബിത്തിനെ അന്താരാഷ്‌ട്ര അവയവ റാക്കറ്റ് സംഘത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദിലെ ഡോക്‌ടറെന്നാണ് കരുതുന്നത്. അവയവ വിൽപനക്കെത്തിയ താൻ ഹൈദരാബാദിൽ വെച്ച് ഏജൻ്റായി മാറിയെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു. പ്രതി സാബിത്തിനെ ഉപയോഗിച്ച് അവയവക്കടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയും ഇതിനകം ഈ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.