തിരുവനന്തപുരം:നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിന് മറുപടി എന്ന നിലയില്‍ നടപടി ക്രമങ്ങള്‍ വെട്ടിച്ചുരുക്കി ബില്ല് പാസാക്കിയ സര്‍ക്കാര്‍ നടപടിയെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദം. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ എന്‍.ഷംസുദീന്‍ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നടപടിയെ ന്യായീകരിച്ച് മന്ത്രിമാരായ എംബി രാജേഷും പി.രാജീവും പ്രതിരോധമുയര്‍ത്തി.
ഇക്കാര്യത്തില്‍ സ്‌പീക്കര്‍ നല്‍കിയ റൂളിങ്ങാകട്ടെ പൂര്‍ണമായും സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നതാണെന്നും ആരോപണം. സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ സര്‍ക്കാരിനെതിരെ ബാര്‍ കോഴ ആരോപണമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയിരുന്നു.
ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം നടത്താന്‍ ഉദ്ദേശിച്ചുള്ള തദ്ദേശഭരണ ഭേദഗതി ബില്ലുകള്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുന്നതിന് പകരം സഭ പാസാക്കിയത്. ഇത്രയും സുപ്രധാനമായ ഒരു ബില്ലിനുമേല്‍ പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്കും ഭേദഗതിക്കും അവസരം നല്‍കാതെ പാസാക്കിയ നടപടിക്കെതിരെ ഇന്നലെ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.
ഇന്ന് നിയമസഭയില്‍ ക്രമ പ്രശ്‌നമായി പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് വാക്ക് ഔട്ട് നടത്തി പ്രതിഷേധം രേഖപ്പെടുത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു എന്നതിന്‍റെ പേരില്‍ നടപടിക്രമങ്ങളൊക്കെ കാറ്റില്‍ പറത്തുന്നത് മോദി ശൈലിയാണെന്ന് ക്രമ പ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ല.
കേരള നിയമസഭയുടെ പാരമ്പര്യത്തെ കളഞ്ഞ് കുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടിയേറ്റിട്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.