പത്തനംതിട്ട:ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പന്തളത്ത് വൻ കഞ്ചാവ് വേട്ട. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണി കഞ്ചാവുമായി പൊലീസിന്‍റെ പിടിയിൽ. പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി കാശിനാഥ് മൊഹന്ത് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് പിടിച്ചടുത്തു. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്‍റെ നിർദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും സ്‌കൂൾ പരിസരങ്ങളടക്കമുള്ള മേഖലകളും കേന്ദ്രീകരിച്ച് ജില്ലയിൽ പൊലീസ് റെയ്‌ഡ് നടന്നുവരികയാണ്. ജില്ലയിൽ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്‍റെ കണ്ണിയാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്കും വൻവിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു. മറ്റ് പണികൾക്ക് പോകാതെ ലഹരി വില്‌പന നടത്തിവരുകയായിരുന്ന ഇയാൾ ലഹരി സംഘങ്ങൾക്കും ഇടപാടുകാർക്കുമിടയിൽ ബാബ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.