എറണാകുളം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് നാളേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29 ന് ആയിരുന്നു യഹോവ സാക്ഷികളുടെ വാർഷിക സമ്മേളനത്തിൻ്റെ സമാപന ദിവസം, പ്രതി ഡൊമനിക് മാർട്ടിൻ ആസൂത്രിതമായ സ്ഫോടനം നടത്തിയത്. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നാല്‍പ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അതേസമയം, പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ അന്വേഷണ സംഘം ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കൊലപാതകം, സ്ഫോടക വസ്‌തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. പ്രതി ഡൊമനിക്ക് മാർട്ടിൻ നിലവിൽ റിമാന്‍റിൽ കഴിയുകയാണ്. കേസ് നടത്തിപ്പിനായി ഇയാൾ അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടില്ല. സ്വയം കേസ് വാദിക്കാമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
യഹോവ സാക്ഷികളുടെ വിശ്വാസം പിന്തുടർന്നിരുന്ന പ്രതി മാർട്ടിൻ, അവരുമായി തെറ്റി പിരിഞ്ഞതിനെ തുടർന്ന് പ്രതികാരത്തോടെ നടപ്പാക്കിയതായിരുന്നു സ്ഫോടനം.
തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ സംഭവം ചർച്ചയായിരുന്നു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതി താൻ തന്നെയെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളും ഇയാള്‍ തന്നെ പൊലീസിന് കൈമാറിയിരുന്നു. സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമ്മിച്ച് പൊലീസിന് കൈമാറുകയായിരുന്നു.