തിരുവനന്തപുരം: 95ാം പിറന്നാൾ ആഘോഷത്തിലേക്കെത്താൻ ഇനി എട്ട് മാസങ്ങൾ ബാക്കിയിരിക്കെയാണ് മുതിർന്ന ബിജെപി നേതാവായ ഒ രാജഗോപാലിനെ തേടി പദ്‌മപുരസ്‌കാരം എത്തുന്നത്. ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് പദ്‌മഭൂഷൺ ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു(O rajagopal).
ഇതേക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നും ദൈവഹിതമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ടെങ്കിലും നിരാശനായിട്ടില്ല. പൊതുപ്രവർത്തനരീതി സ്വാർഥതയോ പക്ഷപാതമോ ഇല്ലാതെ എല്ലാവരെയും സമചിത്തതയോടെ ഒന്നായി കണ്ടുള്ളതായിരുന്നു. ജനസംഘമെന്നു കേൾക്കുമ്പോൾ കക്ഷികൾ ആശ്ചര്യപ്പെട്ടിരുന്നുവെന്നും മറ്റ് പാർട്ടികളിൽ പോകാത്തതെന്താണെന്ന് അവർ ചോദിച്ചിരുന്നുവെന്നും ബിജെപിയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പ്രതിഫലം കൂടിയാകണം സർക്കാരിന്‍റെ തീരുമാനമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു(Padma Bhushan).
പൊതുപ്രവർത്തക വിഭാഗത്തിലാണ് പദ്‌മഭൂഷൺ അന്തിമപട്ടികയിൽ രാജഗോപാലിനെ ഉൾപ്പെടുത്തിയത്(served public with impartiality). ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. ജനസംഘം സ്ഥാപക നേതാവുമാണ്. 1929 സെപ്റ്റംബർ 15 ന് പാലക്കാട് പുതുക്കോട് പഞ്ചായത്തിലെ ഓലഞ്ചേരി വീട്ടിൽ പന്തളം കുന്നത്തു മാധവൻ നായരുടെയും ഒ.കോഞ്ഞിക്കാവ് അമ്മയുടെയും മകനായാണ് ജനനം. റെയിൽവെ, നിയമം, പാർലമെന്‍ററി കാര്യം, വിദേശ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി.