തിരുവനന്തപുരം: ജില്ല കലക്‌ടർ ജെറോമിക് ജോർജിനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്‍റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടിസ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ജോയിന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിന് നോട്ടിസ് നൽകിയത്. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി സംഘടന സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ആണെന്ന് ജോയിന്‍റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
നാളെ ജോയിന്‍റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ 'ജനാധിപത്യം മതി രാജവാഴ്‌ച വേണ്ട' എന്ന പേരിൽ കലക്‌ടറേറ്റുകളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും സംഘടന പ്രസ്‌താവനയിൽ അറിയിച്ചു. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി സംഘടന സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. ജനറല്‍ ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്‌ടറെയാണ് വസതിയിലേക്ക് വിളിച്ചു വരുത്തിയതെന്നും സാധാരണ രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിച്ച കലക്‌ടറുടെ നടപടി അധികാര ദുര്‍വിനിയോഗവും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവുമാണെന്നും വിമർശിച്ചു.
കലക്‌ടറുടെ നടപടി സര്‍ക്കാരിനും റവന്യൂ വകുപ്പിനും പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണ്. നിരന്തരം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന കലക്‌ടറോട് വിശദീകരണം ചോദിക്കേണ്ടതിനു പകരം സര്‍വീസ് സംഘടന ഭാരവാഹികള്‍ക്കെതിരെ ചട്ടങ്ങളെ വളച്ചൊടിച്ച് അച്ചടക്ക ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജോയിന്‍റ് കൗൺസിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യ കേരളം ലോകത്തിന് മാതൃകയായി മാറിയത് സിവില്‍ സര്‍വീസിലെ ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെയും ജനാധിപത്യ ബോധമുള്ള ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയുടെയും ഫലമായാണെന്നും രാജവാഴ്‌ചയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഏതെങ്കിലും ബ്യൂറോക്രാറ്റ് ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും അതിനെ ചെറുക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
ജോയിന്‍റ് കൗണ്‍സിലിനെ നിശബ്‌ദമാക്കാന്‍ ഇത്തരം ഭീഷണികള്‍ കൊണ്ട് കഴിയില്ല. സര്‍വീസ് സംഘടന ഭാരവാഹികള്‍ പ്രതികരിക്കുമ്പോള്‍ മേല്‍ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചു എന്ന് പറഞ്ഞ് വിശദീകരണം ചോദിക്കുന്നത് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കുന്നല്ലെന്നും സംഘടന സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജോയിന്‍റ് കൗൺസിൽ പ്രസ്‌താവനയിൽ പറഞ്ഞു.
Also Read: കുഴിനഖ ചികിത്സയ്‌ക്ക് ഡോക്‌ടറെ വീട്ടിലേക്ക് വരുത്തിയ സംഭവം : കലക്‌ടര്‍ ജെറോമിക് ജോര്‍ജിനെതിരെ അന്വേഷണം