കോട്ടയം :വയനാടിനെ മറക്കരുതെന്ന് ക്രിസ്‌മസ് സന്ദേശത്തില്‍ കാതോലിക്ക ബാവ. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മക്കളെയും നഷ്‌ടമായ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി തീര്‍ത്ത പുല്‍ക്കൂട് നാം കാണണം. സമാധാനം നഷ്‌ടമായ ആ സമൂഹത്തിന് സമാധാനം പകരാന്‍ കഴിയണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവയുടെ ക്രിസ്‌മസ് സന്ദേശം.
ഓർത്തഡോക്‌സ് സഭാധ്യക്ഷൻ സംസാരിക്കുന്നു (ETV Bharat) പുത്തുമലയിലെ ശ്‌മശാനത്തില്‍ നിവേദ്, ധ്യാന്‍, ഇഷാന്‍ എന്നീ സഹോദരങ്ങള്‍ക്കായാണ് അനീഷ്-സയന ദമ്പതികള്‍ പുല്‍ക്കൂട് ഒരുക്കിയത്. കഴിഞ്ഞ ക്രിസ്‌മസില്‍ വീട്ടില്‍ പുല്‍ക്കൂട് ഒരുക്കിയിരുന്നു. അത് തീ പിടിച്ചപ്പോള്‍ അടുത്ത ക്രിസ്‌മസ് ആഘോഷിക്കാമെന്നായിരുന്നു അമ്മയുടെയും അച്‌ഛന്‍റെയും ഉറപ്പ്. അതിനിടെയാണ് പ്രിയപ്പെട്ടവരുടെ ജീവനെടുത്ത് ഉരുള്‍പൊട്ടലുണ്ടായത്.
പച്ച പുതച്ച മലനിരകളിൽ മഞ്ഞു പെയ്യുമ്പോൾ, ആകാശത്തെന്ന പോലെ ഭൂമിയിലും നക്ഷത്രങ്ങളുദിക്കുമായിരുന്നു അവിടെ. നാട്ടുവഴിയുലൂടെ കരോൾസംഘങ്ങൾ ആടിയും പാടിയും ചുവടുവച്ചും പോകുമായിരുന്നു. ക്രിസ്‌മസ് ലോകത്തിനാകെയെന്ന പോലെ അവർക്കും ആഹ്ലാദത്തിന്‍റെ ദിനമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഈ ക്രിസ്‌മസ് ദിനത്തിൽ ഹൃദയമുരുകുന്ന വേദനയോടെയാണ് ചൂരൽമലയും മുണ്ടക്കൈയും ഉണരുന്നത്. ഇത്തവണ ക്രിസ്‌മസ് അവർക്ക് സന്തോഷത്തിന്‍റെ ദിനരാത്രങ്ങളല്ല, അകാലത്തിൽ വിട്ടുപോയ പ്രിയപ്പെട്ടവരെയോർത്ത് നെഞ്ചുനീറുന്ന ദിവസങ്ങളാണ്.
41 കുടുംബങ്ങള്‍ മാത്രമുള്ള ഒരു ചെറിയ ഇടവകയായിരുന്നു ചൂരൽമല. അതിലെ മൂന്ന് കുടുംബങ്ങളെ ഉരുൾ കൊണ്ടുപോയി. കഴിഞ്ഞ വർഷം വരെ വലിയ ആഘോഷങ്ങൾ നടന്നിരുന്ന പള്ളിയാണ് ചൂരൽമല സെന്‍റ് സെബാസ്‌റ്റ്യൻ പള്ളി. മാർഗംകളിയും കരോളും പുൽക്കൂടൊരുക്കലും അങ്ങനെ ക്രിസ്‌മസ് രാവിൽ ഇതെല്ലാം ആവേശത്തോടെ അവിടെ നടന്നിരുന്നു.
എന്നാൽ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്നത് അവരുടെ ജീവിതമാണ്. ഇന്ന് ഇറ്റ് വീഴാൻ നിൽക്കുന്ന കണ്ണീർതുള്ളി പോലെ ചില വീടുകൾക്ക് മുമ്പിൽ മാത്രം നക്ഷത്രങ്ങളുണ്ട്. ഇന്നും ആ ദുരന്തത്തിൽ നിന്ന് കരകയറാൻ അവർക്കായിട്ടില്ല. ലോകമെങ്ങും ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് ആ ദിനം എന്നത്തേയും പോലെ തള്ളിനീക്കുകയാണ് അവർ. പള്ളിയിലെ പ്രാർഥനകൾ മാത്രം പതിവുപോലെ നടത്താനാണ് ഇടവകക്കാരുടെ തീരുമാനം.
അതേസമയം മുണ്ടക്കൈയിലെ സിഎസ്ഐ പള്ളി അടച്ചിട്ടിരിക്കുകയാണ്. ഉരുൾപൊട്ടലിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും അവിടുത്തെ വിശ്വാസികളിൽ പലരെയും ദുരന്തം കവർന്നെടുത്തിരുന്നു. പ്രിയപ്പെട്ടവരും ബന്ധുക്കളുമൊക്കെ നഷ്‌ടമായവർ മറ്റു ദേശങ്ങളിലേക്ക് പോയി.
നിനച്ചിരിക്കാതെ ഉരുൾ അലറിവന്നപ്പോൾ ആളുകൾ പ്രാണനും കയ്യിൽപിടിച്ച് ഓടിക്കയറിയത് ഈ പള്ളിമുറ്റത്തേക്കായിരുന്നു. ഈ പള്ളി ഇടവകയിലും 30ൽ താഴെ കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ പലരും ഇപ്പോൾ ജീവനോടെയില്ല.
കഴിഞ്ഞ വർഷം വരെ ക്രിസ്‌മസ് ഗംഭീരമായി ആഘോഷിച്ചിരുന്ന പള്ളിയിൽ ഇക്കൊല്ലം ആഘോഷമില്ല. മുണ്ടക്കൈയിലെ കുന്നിന്‍ മുകളിൽ ദുരന്തത്തിന്‍റെ മൂകസാക്ഷിയെന്ന പോലെ പൊടിയും മാറാലയും പിടിച്ച് സിഎസ്ഐ പള്ളി നിൽക്കുകയാണ്. മുണ്ടക്കൈയിലെ വിശ്വാസികൾ ഇപ്പോൾ മേപ്പാടിയിലെ സിഎസ്ഐ പള്ളിയിലാണ് പ്രാർഥിക്കാൻ പോകുന്നത്. ദുരന്തത്തിൽ വീടു നഷ്‌ടമായവർ ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിൽ ഇനിയെന്നു ക്രിസ്‌മസ് ആഘോഷിക്കാനാവുമെന്നതാണ് അവരുടെ സങ്കടം.
Also Read:'യുദ്ധം തകർത്ത സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്‌മസിനാകട്ടെ', വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം