പാലക്കാട്:ബ്രൂവറി വിഷയം കത്തി നിൽക്കുന്ന എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെ സിപിഎം നൽകിയ അവിശ്വാസ പ്രമേയം വെള്ളിയാഴ്‌ച ചർച്ചക്കെടുക്കും. 22 അംഗ സഭയിൽ കോൺഗ്രസിന് ഒമ്പതും സിപിഎമ്മിന് എട്ടും ബിജെപിക്ക് അഞ്ചും അംഗങ്ങൾ ആണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രൂവറിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ അലയടിക്കുന്നതിനിടയിലാണ് അവിശ്വാസ പ്രമേയം ചർച്ചക്കു വരുന്നത്. ബ്രൂവറി തുടങ്ങാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന് പഞ്ചായത്ത് കഴിഞ്ഞ ദിവസം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
സിപിഎം അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ എട്ട് സിപിഎം അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 14 വോട്ടുകള്‍ക്കാണ് രണ്ട് പ്രമേയവും പാസാക്കിയത്. വിഷയത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി യുഡിഎഫും ബിജെപിയും ശക്തമായ പ്രചരണമാണ് നടത്തുന്നത്. ഒയാസിസ് കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയാണ് സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് എന്ന് വികെ ശ്രീകണ്‌ഠൻ എംപി ആരോപിച്ചത് വിവാദമായിരുന്നു.