തിരുവനന്തപുരം:നിയമസഭയിൽ ഇന്നലെ നടന്ന കയ്യാങ്കളിയില്‍ പ്രതിപക്ഷ അംഗങ്ങൾക്ക് ശക്തമായ താക്കീത് നൽകി പ്രമേയം. പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴല്‍നാടന്‍, അൻവർ സാദത്ത്, ഐ സി ബാലകൃഷ്‌ണൻ, സജീവ് ജോസഫ് എന്നിവർക്കാണ് താക്കീത് നൽകി പ്രമേയം പാസായത്. പാർലിമെന്‍ററി കാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
നടുത്തളത്തിൽ ഇറങ്ങി ബഹളം വെയ്ക്കുക, സ്‌പീക്കറുടെ മുഖം മറച്ചു ബാനർ കെട്ടുക സഭയുടെ അന്തസിനെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തുക എന്നീ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമേയം. സ്‌പീക്കർ നിഷ്‌പക്ഷത പാലിച്ചില്ലെങ്കിൽ ഇനിയും വിമർശിക്കുമെന്ന് പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. "സാധാരണ നടുത്തളത്തിലിറങ്ങിയാൽ സഭ നിർത്തിവെക്കുകയും സ്‌പീക്കറുടെ മുറിയിൽ ചർച്ച ചെയ്യുകയുമാണ് പതിവ്. സ്‌പീക്കർ അനാവശ്യമായി ഇടപെടുന്നു. പ്രമേയത്തെ അതിശക്തമായി എതിർക്കുന്നു" പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സ്‌പീക്കറുടെ നടപടികൾ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിന് മറുപടി പറഞ്ഞത്. "ക്രമ വിരുദ്ധമായ കാര്യങ്ങൾ നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നാണ് പ്രതിപക്ഷം കരുതുന്നത്. നിയമസഭയുടേതായ അന്തസ് പാലിക്കണം. അതിന്‍റെ പരിധി ലംഘിക്കാൻ പാടില്ല. പ്രതിപക്ഷ നേതാവ് ഇതു ന്യായീകരിക്കുന്നത് ദൗർഭാഗ്യകരം. ഇന്നലെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടും അസാധാരണമായ സംഭവങ്ങൾ ഉണ്ടായി. ആകെ ബഹളമായി മാറി. ചർച്ച ചെയ്യാൻ പാടില്ലെന്ന ഗൂഢാലോചനയുടെ ഭാഗമാണോ ബഹളമെന്ന് സംശയമുണ്ട്" മുഖ്യമന്ത്രി വ്യക്തമാക്കി.