കോഴിക്കോട്:കേട്ടിട്ടുണ്ടോ തായ് മൂസയെ, മൂസാ ഫ്ലോറിഡയെ, കര്‍ഡാബയെ, മങ്കുത്തുമാനെ, ബീജികേലയെ, പടലി മുങ്കിലിയെ പോട്ടെ ബ്ലൂ ജാവയെ. പേരുകള്‍ പലതെന്നതു പോലെ ഇവയൊക്കെ പലദേശക്കാരുമാണ്. പക്ഷേ ഇവയ്‌ക്കൊക്കെ പൊതുവിലുള്ള സമാനത ഇവയൊക്കെ വാഴയിനങ്ങളാണ് എന്നതാണ്. മാത്രവുമല്ല, ഇവയൊക്കെ മാനന്തവാടിയിലെ നിഷാന്തിന്‍റെ വാഴത്തോട്ടത്തിലെ മുന്നൂറില്‍പ്പരം വാഴ വെറൈറ്റികളില്‍ പെടുന്നവയുമാണ്.
വയനാട് ജില്ലയിലെ തൊണ്ടര്‍നാടിനടുത്തുള്ള കോറോം എന്ന സ്ഥലത്തുള്ള നിഷാന്തിന്‍റെ വാഴത്തോട്ടത്തിലെത്തിയാല്‍ നമുക്കീ വിരുതന്മാരെയൊക്കെ അടുത്തറിയാനാകും. വാഴക്കര്‍ഷകര്‍ക്കും കാര്‍ഷിക ഗവേഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കും കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന ഒരു പാഠശാലയാണ് നിഷാന്തിന്‍റെ വാഴത്തോട്ടം.ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ കണ്ണിലുണ്ണികളായ വാഴ ഇനങ്ങളാണ് ഒറ്റയടിക്ക് ഒരേയിടത്ത് നമുക്ക് പരിചയപ്പെടാനാവുക. അവയുടെ പരിപാലന രീതിയും വിളയാനെടുക്കുന്ന സമയവും പഴത്തിന്‍റെ പ്രത്യേകതയും പ്രജനനവും എന്നു വേണ്ട അറിയാന്‍ നിരവധിയുണ്ട് ഈ തോട്ടത്തില്‍.
ദുര്‍ലഭമായ പല വാഴ ഇനങ്ങളും സംരക്ഷിക്കാനും ഏതൊരാള്‍ക്കും കാണാനും അടുത്തറിയാനും മനസ്സിലാക്കാനും സാധിക്കുന്നതരത്തില്‍ വളര്‍ത്തിയെടുക്കാനും കഴിയുന്നതിനു പിന്നില്‍ വാഴകളെ സ്വന്തം ജീവനെ പോലെ കാത്ത് പോരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവുമുണ്ട്. മാനന്തവാടി സ്വദേശി നിഷാന്ത് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനല്ല. മൂന്ന് പതിറ്റാണ്ടായി വാഴകൾക്കൊപ്പമാണെങ്കിലും കര്‍മ്മം കൊണ്ട് കര്‍ഷകനുമല്ല. വാഴക്കൃഷി ഇദ്ദേഹത്തിന് ഹോബിയാണ്. 2003ൽ സർക്കാർ ജോലി ലഭിച്ച നിഷാന്ത് ഇപ്പോൾ നിലമ്പൂരിൽ ജൂനിയർ എംപ്ലോയിമെന്‍റ് ഓഫിസറാണ്.
വൈവിധ്യമാര്‍ന്ന വാഴ ഇനങ്ങള്‍ ശേഖരിക്കലും സംരക്ഷിക്കലും സര്‍ക്കാര്‍ ജോലിയുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഉപേക്ഷിച്ചില്ല. താമസ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ അകലെ തൊണ്ടര്‍നാട് കോറോം എന്ന സ്ഥലത്താണ് നിഷാന്തിന്‍റെ വാഴകൃഷി. ചെറുപ്പത്തിലേ തുടങ്ങിയതാണ് നിഷാന്തിന്‍റെ വാഴപ്രേമം. ബന്ധുവീടുകളിലെല്ലാം പോയി വരുമ്പോൾ നാടൻ വാഴ കൊണ്ടുവന്നാണ് തുടക്കം.
വാഴയിലെ വൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നതാണ്. വാഴപ്പഴത്തിന്‍റെ രുചിയിലും നിറത്തിലും വാഴയുടെ വലിപ്പത്തിലും വാഴക്കുലയുടെ വലുപ്പത്തിലും ഉപയോഗത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ഇനങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് നിഷാന്ത് ശേഖരിച്ചത്. ലോകരാജ്യങ്ങളില്‍ വിളയുന്ന പലയിനം വാഴകള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വാഴകളും കുലചൂടി നില്‍ക്കുകയാണിവിടെ.മധുരം കൂടിയത് , മധുരം കുറഞ്ഞത്, ഔഷധ മൂല്യമുള്ളത്, കറിക്കുപയോഗിക്കുന്നത്, വിത്ത് ഉപയോഗിച്ച് മുളപ്പിക്കാവുന്നത്, വിവിധ നിറങ്ങളിലുള്ളത്, അങ്ങിനെ പല വെറൈറ്റികള്‍.
ഇന്ത്യയിലെങ്ങുമുള്ള കൃഷി സുഹൃദ് വലയത്തിലൂടെയാണ് ഇത്രയധികം ഇനങ്ങള്‍ നിഷാന്തിന്‍റെ കൃഷിയിടത്തിലെത്തുന്നത്. വാഴയിനങ്ങള്‍ പരസ്‌പരം കൈമാറും. നാടനും വിദേശിയുമായുള്ള മുന്നൂറിലധികം ഇനം വാഴകള്‍ സഹോദരങ്ങളെപ്പോലെ കൈകോര്‍ത്ത് നില്‍ക്കുകയാണ്.അടുത്തടുത്ത് നില്‍ക്കുന്ന ഓരോ വാഴ ഇനത്തിനും പറയാനൊരു കഥയുണ്ട്.
തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്,ഇന്തോനേഷ്യ, കാനഡ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ആഫ്രിക്കയിലെ ഹോണ്‍ഡുറാസ് തുടങ്ങി വിവിധരാജ്യങ്ങളിലെ വാഴകള്‍ വയനാടുമായി ഇണങ്ങിച്ചേര്‍ന്ന് കുലയ്ക്കുന്ന കാഴ്‌ച കൗതുകമുണര്‍ത്തുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വാഴകളും ഇക്കൂട്ടത്തിലുണ്ട്.
പരമാവധി വാഴ ഇനങ്ങളെ സംരക്ഷിക്കുക എന്നതാണ് നിഷാന്തിന്‍റെ ലക്ഷ്യം. നിരവധി വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി കൃഷിയിടത്തില്‍ എത്തുന്നുണ്ടെന്ന് നിഷാന്ത് പറഞ്ഞു. അവാര്‍ഡുകള്‍ എന്നതിലേക്ക് താന്‍ ഇതുവരെ പോയിട്ടില്ല. ജോലിക്കിടെ ഡോക്യുമെന്‍റേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം ലഭിക്കാത്തത് കൊണ്ടാണ് അത്തരത്തിലൊരു നീക്കം നടത്താതെന്നും നിഷാന്ത് പറഞ്ഞു.രാഷ്‌ട്രപതിയില്‍ നിന്നുള്ള ജീനോം സേവിയര്‍ അവാര്‍ഡിനായി കേരള കാര്‍ഷിക സര്‍വകലാശാല തന്‍റെ പേര് ശുപാര്‍ശ ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഡോക്യുമെന്‍റേഷന്‍ ചെയ്യാന്‍ തനിക്ക് സമയം ലഭിച്ചില്ല.
ഏറ്റവും നല്ല വാഴ സംരക്ഷകനുള്ള അവാര്‍ഡ് നിഷാന്തിന്:കേരളത്തിലെ വിവിധ പ്രാഥമിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ തന്‍റെ പക്കല്‍ നിന്നും നിരവധി വാഴകള്‍ കൊണ്ട് പോയിട്ടുണ്ട്. കാസര്‍ക്കോട്ടേക്ക് ഇത്തരത്തില്‍ വാഴകള്‍ കൊണ്ടുപ്പോയിട്ടുണ്ട്. മാത്രമല്ല സ്‌കൂളുകള്‍ക്കും വിതരണം ചെയ്യാറുണ്ട്.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്‍റെ 60ാം വാര്‍ഷികത്തിന് തന്നെ ക്ഷണിക്കുകയും കേരളത്തിലെ ഏറ്റവും നല്ല വാഴ സംരക്ഷനുള്ള അവാര്‍ഡ് തനിക്ക് സമ്മാനിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്ക് വാഴ ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് നല്‍കാറുണ്ട്. ട്രിച്ചിയിലേക്ക് അടുത്തിടെ 100 വാഴകള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും നിഷാന്ത് പറഞ്ഞു.
വെറൈറ്റി വാഴയിനങ്ങള്‍:കര്‍ണാടകയുടെ ജൗരി ബനാന, വാഴകളില്‍ രുചികൂടിയ സൂര്യകദളി, ആന്ധ്രയുടെ കസൂരി ബോന്ത, ചേര്‍ത്തലയുടെ സ്വന്തം കപ്പക്കാളി, ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ രണ്ടര അടി ഉയരത്തില്‍ കുലയ്ക്കുന്ന തായ്‌മൂസ, ഭക്തരുടെ സ്വന്തം പൂജാകദളി, കൊല്ലത്തിന്‍റെ പ്രിയങ്കരനായ വെള്ളപാളയന്‍ങ്കോടന്‍, മലേഷ്യയിലെ കുള്ളന്‍ ഇനമായ നാം വാക്‌കോം, ഇന്തോനേഷ്യയുടെ മൂസാ ഫ്‌ളോറിഡ, ബംഗാളിന്‍റെ ഗൗരിയ, പച്ച ബോന്ത ബത്തീസ,
ആന്ധ്രയുടെ നരേദ്‌ലു ബോന്ത, നാലാളില്‍ അധികം പൊക്കമുള്ള ആസാമിന്‍റെ മങ്കുത്തുമാന്‍, തമിഴ്‌നാടിന്‍റെ സങ്കരയിനം വാഴയായ ഉദയം, ഗോവയുടെ ദൂദ് സാഗര്‍, അലങ്കാര വാഴയായ താമരവാഴ, വാഴയും കന്നുകള്‍ക്കുമിടയില്‍ അഞ്ചടി അകലം വരുന്ന വാക്കിങ് ബനാന, ഫിലിപ്പീന്‍സിന്‍റെ കര്‍ഡാബ, ആഫ്രിക്കയിലെ ഹോന്‍ഡുറാസിലെ ഫിയ ഗ്രൂപ്പിനം വാഴകള്‍, ഇന്തോനേഷ്യയുടെ ബ്യൂ ജാവ ഇങ്ങനെ കണ്ടാല്‍ തീരാത്ത അത്രയും ഇനങ്ങള്‍.
ഒപ്പം നേരത്തേ കുലയ്ക്കുന്ന മഞ്ചേരി നേന്ത്രന്‍ എന്ന കുള്ളന്‍ ഏത്തവാഴ വ്യവസായികാടിസ്ഥാനത്തിലും കൃഷിചെയ്യുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കൃഷി നടക്കുന്ന ഇവിടെ വാഴകളെല്ലാം സന്തുഷ്‌ടരുമാണ്. വിവിധ പ്രദർശനങ്ങളിൽ കുലകൾ കാഴ്‌ച വയ്‌ക്കാറുണ്ട്. ഇതെല്ലാം സ്വന്തം താത്‌പര്യത്തിനും ഇഷ്‌ടത്തിനും തുടങ്ങിയതാണ്. എന്നാൽ അതിപ്പോൾ പടർന്ന് പന്തലിച്ചിരിക്കുന്നു.
രുചിയില്‍ കേമന്‍ 'സൂര്യകദളി':ഓരോ വാഴപ്പഴത്തിനും ഓരോ രുചിയാണ്. അതിൽ തന്നെ എറ്റവും സ്വാദിഷ്‌ടമായ പഴമാണ് സൂര്യകദളി. 60 ദിവസം കൊണ്ട് മൂപ്പെത്തും ഈ പഴം. തണുപ്പുള്ള പ്രദേശത്താണ് ഈ വാഴ പച്ചപിടിക്കാറുള്ളൂ.
ഔഷധ ഗുണ ഏറെയുണ്ട് കരിങ്കദളിക്ക്:കേരളത്തിൽ തന്നെ ഏറ്റവും ഔഷധ ഗുണം കൂടിയ വാഴയും ഇവിടെയുണ്ട്. കരിങ്കദളി അഥവാ വെട്ടൻ, ഇറച്ചി വാഴ എന്നൊക്കെ ഇത് അറിയപ്പെടും. പഴത്തിനേക്കാൾ ഏറെ പച്ചക്കായ കറിവയ്‌ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കൂട്ടുകറിക്കൊക്കെ ഉത്തമമാണ്. അൾസർ, വായ്‌പ്പുണ്ണ് എന്നിവയ്‌ക്ക് ഔഷധമാണ്. എന്നാൽ പെട്ടെന്ന് രോഗം പിടിപെടുന്ന വാഴ വംശനാശം നേരിടുന്ന നാടൻ വാഴയിനമായി മാറിയിരിക്കുകയാണ്.
അതിമധുരമുള്ള ബ്ലൂ ജാവ:ഇന്തോനേഷ്യൻ താരമായ ബ്ലൂ ജാവയാണ് മറ്റൊരു വെറൈറ്റി. പഞ്ചസാര മധുരമുള്ള പഴത്തിന് ചാരക്കളറാണ്. ഇന്തോനേഷ്യയിലെ ജാവയാണ് വാഴയുടെ മാതൃസ്ഥലം.
വിത്തുള്ള ബീജികേല:ബിഹാറിൽ നിന്നുള്ള ഇനമാണ് ബീജികേല. അകത്ത് നിറയെ വിത്തുകളുള്ള പഴം. നിലക്കടല കഴിക്കുന്നത് പോലെ ചവച്ച് തിന്നാം. മൂത്രക്കല്ലിന് ഔഷധമാണെന്നാണ് വടക്കേ ഇന്ത്യക്കാർ ഇതിനെ വിശ്വസിക്കുന്നത്.