കേരളം

kerala

ETV Bharat / state

വിസ്‌മൃതിയിലേക്ക് വിടില്ല; നിലത്തെഴുത്തിനെ നെഞ്ചോട് ചേര്‍ത്ത് ഭാരതി, ഹൈടെക്ക് യുഗത്തിലും പഴമ ചോരാത്ത കളരി - NILATHEZHUTHU KALARI OF KN BHARATI

ഹൈടെക്ക് യുഗത്തിലും പഴമ ചോരാതെ നാരാങ്ങാനത്തെ നിലത്തെഴുത്ത് കളരി. 14ാം വയസ് മുതല്‍ നിലത്തെഴുത്ത് പഠിപ്പിച്ച് ഭാരതി. ഇപ്പോഴും നിരവധി ശിഷ്യഗണങ്ങള്‍.

Bharati ASHATTI AMMA  KN Bharati Nilathezhuthu Kalari  Nilathezhuthu Kalari Pathanamthitta  നിലത്തെഴുത്ത് കളരി പത്തനംതിട്ട
KN Bharati (ETV Bharat)

By ETV Bharat Kerala Team

Published : Oct 12, 2024, 7:29 PM IST

പത്തനംതിട്ട:കുരുന്ന് മനസുകളില്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്ന നിലത്തെഴുത്ത് കളരികള്‍ വിസ്‌മൃതിയിലാകുകയാണ്. എന്നാല്‍ ഈ ഹൈടെക്ക് യുഗത്തിലും പ്രതാപം ഒട്ടും ചോരാതെ നിലത്തെഴുത്തിനെ നെഞ്ചേട് ചേര്‍ത്ത ഒരാളുണ്ട് നാരാങ്ങാനത്ത്. കെഎന്‍ ഭാരതിയെന്ന ആശാട്ടിയമ്മ.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുകയാണ് ഇവര്‍. നിരവധി ശിഷ്യകണങ്ങളുള്ള ഭാരതിക്ക് നിലത്തെഴുത്ത് ഒരു തപസ്യയാണ്. ഇന്ന് അങ്കണവാടികളും പ്രീ സ്‌കൂളുകളും സജീവമാണെങ്കിലും നിരവധി പേരാണ് മക്കളുമായി ആശാട്ടിയമ്മക്ക് അരികലെത്തുന്നത്. അതിന് ഒരു പ്രധാന കാരണവുമുണ്ട്. ആശാട്ടിയമ്മയെ കൊണ്ട് പരമ്പരാഗത രീതിയില്‍ എഴുതിച്ചാല്‍ മാത്രമെ ഈ രക്ഷിതാക്കള്‍ക്ക് തൃപ്‌തിയാവുകയുള്ളൂ. അതുതന്നെ കാര്യം.

കെഎന്‍ ഭാരതിയുടെ നിലത്തെഴുത്ത് കളരി (ETV Bharat)

പിതാവ് ഓലിക്കല്‍ നാരായണനൊപ്പം 14ാം വയസില്‍ പഴയ ലിപിയിൽ നിലത്തെഴുത്ത് പഠിപ്പിച്ച് തുടങ്ങിയതാണ് ഭാരതി. വീടിനോട് ചേര്‍ന്ന നിലത്തെഴുത്ത് കളത്തില്‍ അന്ന് നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. നാരായം കൊണ്ട് ഓലയിലും കൈ വിരല്‍ കൊണ്ട് അരിയിലും മണലിലും എഴുതുന്ന പഴയ സമ്പ്രദായം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1971ൽ പുതിയ മലയാളം ലിപി നിലവിൽ വന്നപ്പോൾ അച്ഛനിൽ നിന്ന് നിലത്തെഴുത്ത് കളരിയുടെ ചുമതല ഏറ്റെടുത്ത ആശാട്ടിക്ക് തൻ്റെ രണ്ട് പെൺമക്കളേയും രണ്ട് മരുമക്കളേയും തൻ്റെ പാതയിലേക്ക് കൊണ്ടുവന്നതിൻ്റെ ചരിതാർഥ്യവുമുണ്ട്. ഭാരതിയാശാട്ടിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ.... ഒരു കാലത്ത് കേരളീയ ഭവനങ്ങളിൽ ഉരലിനും അരകല്ലിനും ഉണ്ടായിരുന്നത് പോലെ നിലത്തെഴുത്താശാന്മാർക്കും നല്ല പ്രാധാന്യമാണ് ലഭിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് ഉരലിനെയും അരകല്ലിനെയും എല്ലാം ഉപേക്ഷിച്ചതുപോലെ മലയാളികൾ നിലത്തെഴുത്താശാന്മാരെയും മറന്നു. എന്നാൽ സമീപകാലത്തായി നിലത്തെഴുത്തിനോട് മലയാളികൾക്ക് പ്രതിപത്തി കൂടിവരുന്നതായാണ് ആശാട്ടിയമ്മയുടെ അനുഭവം.

മൂന്ന് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഭാരതി ആശാട്ടിയെ ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് അടക്കം നിരവധി സ്ഥാപനങ്ങളും സംഘടനകളും ആദരിച്ചിട്ടുണ്ട്. ആശാട്ടിയമ്മയുടെ അനുഗ്രഹം തേടി നിരവധി ശിഷ്യന്മാർ എത്തിച്ചേരാറുമുണ്ട്. കൊവിഡ് കാലത്ത് നിലത്തെഴുത്ത് ആശാന്മാർക്കുള്ള പ്രതിമാസ ഗ്രാന്‍ഡ് നിലച്ച് പോയെങ്കിലും ക്ഷേമ പെൻഷൻ ഉള്ളത് അനുഗ്രഹമായെന്ന് ആശാട്ടിയമ്മ പറയുന്നു.

പനയോലയില്‍ എഴുതുന്നതെല്ലാം ഇന്നത്തെ തലമുറയ്‌ക്ക് ഏറെ കൗതുക കാഴ്‌ചയാണ്. കാലം എത്രമാറിയാലും പഴയമയുടെ പ്രൗഢിയൊട്ടും ചോരാതെ കുരുന്നുകള്‍ക്ക് അറിവ് പകരുന്നത് ഇനിയും ഭാരതിയമ്മ തുടരും.

Also Read:നാളെ വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്‍റെ ലോകത്തേയ്‌ക്ക് ചുവടുവയ്‌ക്കാന്‍ കുരുന്നുകള്‍

ABOUT THE AUTHOR

...view details