പാലക്കാട്:അറസ്റ്റിലായിട്ടും കൂസലില്ലാതെ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര. അർധരാത്രിയോടെ അറസ്റ്റിലായ ഇയാൾ പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത് നല്ല ഭക്ഷണം വേണമെന്നാണ്. വിശപ്പ് സഹിക്കാൻ കഴിയാത്തയാളാണ് ചെന്താമര എന്ന് മനസിലാക്കിയ പൊലീസിൻ്റെ തന്ത്രമാണ് പ്രതിയെ കുടുക്കിയത്.
അഞ്ച് പേരെ കൊല്ലാൻ ലക്ഷ്യമിട്ടാണ് ജാമ്യത്തിലിറങ്ങിയതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായും പൊലീസ് പറഞ്ഞു. സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യ, മകള്‍, മകളുടെ ഭർത്താവായ പൊലീസുകാരൻ മരുമകൻ, ഭാര്യാ സഹോദരൻ, പ്രദേശവാസികളായ മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവർ ഇയാളുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളതായി പൊലീസിനോട് പറഞ്ഞു.
Nenmara twin murder case Chenthamara (ETV Bharat) പൊലീസ് തന്ത്രപരമായി വലവിരിച്ചാണ് നാടിനെ വിറപ്പിച്ച കൊലയാളിയെ പിടികൂടിയത്. ചെന്താമരക്കെതിരെ കൊലവിളിയുമായി നാട് ഒന്നടങ്കം നിൽക്കുന്ന സമയത്ത് പ്രതി ഒളിവിടത്തിൽ നിന്ന് പുറത്തു വരില്ലെന്ന് പൊലീസിന് ഉറപ്പായിരുന്നു. ചെന്താമരയെ പോത്തുണ്ടി കാട്ടിൽ കണ്ടുവെന്ന കഥ പ്രചരിപ്പിച്ച് ആളുകളുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശേഷം ചെന്താമരയുടെ വീടിനു സമീപം പൊലീസ് കാവൽ ശക്തമാക്കുകയും ചെയ്തു. വിശപ്പ് താങ്ങാൻ കഴിയാത്ത ആളാണ് പ്രതിയെന്ന് സ്വന്തം സഹോദരൻ തന്നെ പൊലീസിനോട് പറഞ്ഞിരുന്നു. വീടിന് പിറകുവശത്തെ പാടത്ത് കൂടി അർദ്ധരാത്രി വീട്ടിലേക്ക് വന്ന ചെന്താമരയുടെ ലക്ഷ്യം അരിയും മറ്റ് ഭക്ഷണ സാധനങ്ങളുമെടുത്ത് കാട്ടിലേക്ക് രക്ഷപ്പെടലായിരുന്നു. പൊലീസ് വളഞ്ഞപ്പോൾ ഓടാനോ എതിർക്കാനോ ശ്രമിച്ചില്ല. അത്രക്കും അവശനായിരുന്നു.
കുറ്റബോധം തെല്ലുമില്ലാതെ പെരുമാറിയ പ്രതി പൊലീസിനോട് ഭക്ഷണമാണ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. ചോറും ചിക്കനും വേണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ഇഡലിയും ഓംലറ്റും തിന്ന് ആശ്വാസം കൊണ്ടു. പരസ്പര പൊരുത്തമില്ലാത്ത കാര്യങ്ങളാണ് ചെന്താമര പറയുന്നത്. അഞ്ചു പേരെ ലക്ഷ്യമിട്ടാണ് ഇറങ്ങിയത് എന്ന് പറഞ്ഞ പ്രതി പലപ്പോഴായി പത്തോളം പേരുകൾ പറഞ്ഞു. തിരിച്ച് ആക്രമിക്കുമെന്ന് ഭയന്നാണ് സുധാകരനെ വെട്ടിയത് എന്നാണ് വാദം.
തൻ്റെ കുടുംബത്തിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ലക്ഷ്മി ആണെന്നും അയാൾ വിശ്വസിച്ചിരുന്നു. താന്‍ വിഷം കഴിച്ചു എന്ന് പ്രതി പറഞ്ഞത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. രണ്ട് തവണ വൈദ്യ പരിശോധന നടത്തിയപ്പോഴും അതിൻ്റെ തെളിവൊന്നും കണ്ടില്ല. ചെന്താമരയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് രോഷാകുലരായ ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞത് ക്രമസമാധാന പാലനത്തിന് വെല്ലുവിളിയായി.
ഏറെ ബുദ്ധിമ്മുട്ടിയാണ് പൊലീസ് ജനരോക്ഷം നിയന്ത്രിച്ചത്. പ്രതിയെ രാത്രി തന്നെ കനത്ത പൊലീസ് അകമ്പടിയോടെ ആലത്തൂർ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.
Also Read: 'പിതാവ് ആരെന്ന് അറിയാനുള്ള അവകാശം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുത്': സുപ്രീം കോടതി - SC ON RIGHT TO PRIVACY