കോഴിക്കോട്:നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ബൊമ്മക്കൊലു ഉത്സവം ആരംഭിച്ചു.ദേവിയുടെ വിവിധ ഭാവത്തിലും രൂപത്തിലുമുള്ള നിരവധി ബൊമ്മകളുണ്ട് ബൊമ്മക്കൊലു ഉത്സവത്തിൽ. നവരാത്രിയോടനുബന്ധിച്ച് ഒൻപത് ദിവസവും പ്രത്യേക പൂജകളുണ്ട് ബൊമ്മക്കൊലുവിൽ. തളി ബ്രാഹ്മണ സമൂഹമാണ് ഇവിടെ ബൊമ്മക്കൊലു തയ്യാറാക്കുന്നത്.
ദാരിക നിഗ്രഹത്തിനായി ശക്തി വർധിപ്പിക്കുന്നതിന് കാളി തപസനുഷ്‌ഠിക്കുമ്പോൾ ദേവിക്ക് പിന്തുണയർപ്പിക്കാൻ എത്തിയ ദേവഗണങ്ങളെ സൂചിപ്പിക്കുന്നതാണ് ബൊമ്മക്കൊലു. ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലൊക്കെയാണ് ബോമ്മക്കൊലു പ്രാധാന്യമുള്ളതെങ്കിലും തളി ബ്രാഹ്മണ സമൂഹം ഏറെ വർഷങ്ങളായി ബൊമ്മക്കൊലു ആചരിക്കുന്നുണ്ട്. 11 മരപ്പലകകളിൽ തീർത്ത പടികളിലാണ് വലുപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് ദേവീദേവന്മാരുടെ ബോമ്മകൾ നിരത്തി വയ്ക്കുന്നത്.
ഓരോ വർഷവും തമിഴ്‌നാട്ടിൽ നിന്നാണ് മണ്ണ് കൊണ്ടുണ്ടാക്കിയ ബൊമ്മകളെ എത്തിക്കുന്നത്. അഷ്‌ടലക്ഷ്‌മി, സീതാരാമൻ, നരസിംഹം വിവിധ ദേവതകൾ, പക്ഷിമൃഗാദികൾ പൂക്കൾ എന്നിവയാണ് പടികളിൽ സ്ഥാനം പിടിക്കുന്നത്. നവരാത്രി ദിവസങ്ങളിൽ ഓരോ ദിവസവും പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട് തളി ബ്രാഹ്മണ സമൂഹത്തിന്‍റെ ബൊമ്മക്കൊലുവിൽ.