ഒൻപത് രാത്രികൾ എന്നാണ് നവരാത്രി എന്ന സംസ്കൃത പദത്തിന്‍റെ അർത്ഥം. എല്ലാ വർഷവും ശുക്ലപക്ഷ പ്രഥമ തിഥി മുതൽ 9 ദിവസമാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക. 9 രാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമി ആചരണത്തോടെ നവരാത്രി ചടങ്ങുകൾ പര്യവസാനിക്കും.
എന്നാൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ പതിവിൽ നിന്ന് വ്യത്യസ്‌തമാണ്. ഇക്കുറി നവരാത്രി ആഘോഷം പതിനൊന്ന് ദിവസം നീളും. ഒക്‌ടോബർ മൂന്നാം തീയതിയാണ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുക. പത്ത് ദിവസത്തെ നവരാത്രി ആഘോഷത്തിനുശേഷം പതിനൊന്നാം ദിവസമായ ഒക്‌ടോബർ 13 ന് ആണ് ഈ വർഷം വിജയദശമി.
ഇത് നിരവധി വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണെന്ന് ജ്യോതിഷികൾ പറയുന്നു. തിഥി, അഥവ ചന്ദ്രന്‍റെ ഒരു ദിവസത്തിൽ വരുന്ന സമയ വ്യത്യാസമാണ് ഇത്തവണ നവരാത്രി ദിനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരാന്‍ കാരണമെന്ന് കോതമംഗലം ദേവഗിരി മഹാ ക്ഷേത്രം തന്ത്രി നിമേഷ് ഇടിവി ഭാരതിനോട് പറഞ്ഞു. ശരാശരി 60 നാഴിക, അഥവാ 24 മണിക്കൂറാണ് ഓരോ തിഥി. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം തിഥികൾക്കും ദൈർഘ്യം കൂടുതലാണ്. ചന്ദ്രന്‍റെ സഞ്ചാരവേഗത കുറയുന്നതാണ് തിഥിയുടെ ദൈർഘ്യം കൂടാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാധാരണ ഗതിയിൽ 240 മണിക്കൂർ കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാൻ ചന്ദ്രൻ ഇക്കുറി എടുക്കുന്നത് 248 മണിക്കൂർ 37 മിനുട്ട് സമയമാണ്. അധികമായി വേണ്ടിവന്ന 8 മണിക്കൂർ 37 മിനുട്ട് സമയം കാരണമായാണ് വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീണ്ടത്.
ഇക്കുറി ഒന്നാം ചന്ദ്ര ദിനം അഥവാ പ്രഥമയുടെ ദൈർഘ്യം 26 മണിക്കൂർ 40 മിനിറ്റാണ്. രണ്ടാം ചാന്ദ്ര ദിനമായ ദ്വിതീയയുടെ ദൈർഘ്യം 26 മണിക്കൂർ 32 മിനിറ്റും, മൂന്നാം ദിനമായ തൃതീയയുടെ ദൈർഘ്യം 26 മണിക്കൂർ 18 മിനിറ്റുമാണ്. ഇത്തവണ നവരാത്രിയിലെ ഓരോ തിഥികളുടെയും ദൈർഖ്യം ഇങ്ങനെയാണ്.
- പ്രഥമ - 26 മണിക്കൂർ 40 മിനിറ്റ്
- ദ്വിതീയ - 26 മണിക്കൂർ 32 മിനിറ്റ്
- തൃതീയ - 26 മണിക്കൂർ 18 മിനിറ്റ്
- ചതുർത്ഥി - 25 മണിക്കൂർ 57 മിനിറ്റ്
- പഞ്ചമി - 25 മണിക്കൂർ 30 മിനിറ്റ്
- ഷഷ്‌ഠി - 24 മണിക്കൂർ 55 മിനിറ്റ്
- സപ്‌തമി - 24 മണിക്കൂർ 7 മിനിറ്റ്
- അഷ്‌ടമി - 23 മണിക്കൂർ 35 മിനിറ്റ്
- നവമി - 22 മണിക്കൂർ 52 മിനിറ്റ്
- ദശമി - 22 മണിക്കൂർ 11 മിനിറ്റ്
പൂജ എടുപ്പ് വൈകും
അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം പൂജവയ്‌പിനെയും ബാധിക്കും. അഷ്‌ടമിയുടെ സന്ധ്യ ദിവസം പൂജ വച്ച് ദശമി ദിവസമാണ് പൂജ എടുക്കേണ്ടത്. ഇത്തവണ ഒക്‌ടോബർ 11 വെള്ളിയാഴ്‌ച ഉച്ചക്ക് 12:08 ന് ആണ് അഷ്‌ടമി അവസാനിക്കുന്നത്. അന്ന് സന്ധ്യയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ തലേ ദിവസമായ വ്യാഴാഴ്‌ചയാണ് പൂജവയ്‌ക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തവണ പൂജ എടുക്കാൻ ഒരു ദിവസം അധികം കാത്തിരിക്കേണ്ടതായി വരുന്നു. വ്യാഴാഴ്‌ച വൈകിട്ട് പൂജ വച്ചാൽ. വെള്ളിയും ശനിയും കഴിഞ്ഞ് ഒക്‌ടോബർ 13 ഞായറാഴ്‌ച രാവിലെയേ പൂജ എടുക്കാൻ പറ്റൂ.
Also Read:പതിവ് തെറ്റാതെ ഇക്കുറിയും കേളോത്ത് തറവാട്ടില്‍ നിന്നും 'പഞ്ചാര'ക്കലമെത്തി; ഉത്തര പഴനിയിലെ തൃപ്പുത്തരി നൈവേദ്യത്തിന് മതസൗഹാർദത്തിന്‍റെ മധുരം