കാസർകോട് :ഓണം ആഘോഷിക്കുന്നവർ മലയാളികൾ മാത്രമല്ല. കേരളത്തിന്‍റെ മരുമക്കളായി എത്തിയ വിദേശ വനിതകളും ആഘോഷത്തിന്‍റെ തിരക്കിലാണ്. ഓണക്കാലം ആഘോഷമാക്കാൻ ഭർത്താവിന്‍റെ നാട്ടിലേക്ക് എത്തിയ മ്യാൻമർ സ്വദേശിനി എക്യുവും മക്കളായ നോബലും ദിയയും സെറ്റു സാരിയും പുത്തൻ വസ്ത്രങ്ങളും ധരിച്ച് പൂവ് പറിക്കാനും പൂവിടാനും മുന്നിലുണ്ട്.
അവർക്ക് ഇത് പുത്തൻ കാഴ്‌ചയാണ്. കാസർകോട് ബന്തടുക്ക സ്വദേശിയായ അനൂപിന്‍റെ ഭാര്യ എക്യുവും മക്കളായ നോബലും ദിയയും ആദ്യമായാണ് ഓണക്കാലത്ത് കേരളത്തില്‍ എത്തുന്നത്. നിറയെ പൂക്കൾ കാണുമ്പോൾ കുട്ടികളുടെ മുഖത്ത് കൗതുകവും സന്തോഷവും നിറയുന്നു.
പിന്നെ, ഇത് ഏതു പൂവാണ്? എന്തിനാണ് ഇത് നിലത്ത് ഇടുന്നത് തുടങ്ങിയ സംശയങ്ങളും. മുത്തച്ഛനും അമ്മൂമ്മയുമായി കൊച്ചു വർത്താനവും. ഓട്ടവും ചാട്ടവും പിന്നാലെ.
2018ൽ വിവാഹം കഴിഞ്ഞെങ്കിലും ആദ്യമായാണ് എക്യു ഓണക്കാലത്ത് കാസർകോട് എത്തുന്നത്. അതുകൊണ്ട് ഇത്തവണത്തെ ഓണം ഇവർക്കെല്ലാം ഇത്തിരി സ്പെഷ്യലാണ്. ബഹ്‌റൈനിൽ വച്ചാണ് ബന്തടുക്ക സ്വദേശി അനൂപും എക്യുവും പരിചയപ്പെടുന്നത്.