തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ വിവാദ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകുമോയെന്ന ചോദ്യത്തില്‍ നിന്നും എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറി.
അതേസമയം തൃശൂരിലും തിരുവനന്തപുരത്തും ബിജെപി തോൽക്കുമെന്നും ഈ രണ്ടു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നല്ല വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരു സ്ഥലത്തും ജയിക്കില്ല. സാമാന്യം നല്ല പോളിങ് തന്നെയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല.
തിരുവനന്തപുരത്തും തൃശൂരിലും സിപിഐ സ്ഥാനാർഥികൾക്ക് വേണ്ടി സിപിഎം പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് അധികം ആയുസ് ഇല്ല. ഇടതുപക്ഷത്തിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്‌ളാറ്റില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് വോട്ടെടുപ്പ് ദിനത്തിൽ ഇപി ജയരാജന്‍ സ്ഥിരീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.