ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു കാസർകോട് : റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കുടുബത്തിന് വേണ്ട നിയമ സഹായങ്ങൾ ലീഗ് നൽകുമെന്നും നേതാക്കൾ അറിയിച്ചു.
പുനരന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാകണം. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം. മതത്തിൻ്റെയും വർഗീയതയുടെയും പേരിൽ ഒരാളുടെയും രക്തം കാസർകോടിൻ്റെ മണ്ണിൽ വീഴാൻ പാടില്ലെന്ന് സർക്കാറിന് ആത്മാർഥമായ നിലപാടുണ്ടെങ്കിൽ പരിചയവും അനുഭവ സമ്പത്തുമുള്ള ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘത്തിന് കേസിൻ്റെ പുനരന്വേഷണം എത്രയും പെട്ടെന്ന് ഏൽപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധി നീതി ആഗ്രഹിക്കുന്ന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേസുകളിൽ പ്രതികൾ വെറുതെ വിട്ടയക്കപ്പെടാറുണ്ട്. പക്ഷെ അനേകം സാഹചര്യ തെളിവുകളുള്ള കേസിൽ പൈശാചികമായ കൊലപാതകം നടത്തിയ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി കേട്ട് എല്ലാ മനുഷ്യരും സ്‌തബ്‌ധരായി.
തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി നീതിയും നിയമവും പച്ചയോടെ കുഴിച്ചു മൂടിയ പൊലീസിന്‍റെ പിടിപ്പു കേടാണ് ദൗർഭാഗ്യകരമായ കോടതി വിധിക്ക് കാരണം. ഈ കേസിൽ പൊലീസ് പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി തോറ്റു കൊടുക്കുകയായിരുന്നു എന്നും നേതാക്കൾ ആരോപിച്ചു.
Also Read :റിയാസ് മൗലവി വധക്കേസ്: 'സര്‍ക്കാരിന് അശ്രദ്ധയുണ്ടായിട്ടില്ല, വിധി ഞെട്ടിപ്പിക്കുന്നത്'; മുഖ്യമന്ത്രി - Kerala CM On Riyas Maulavi Case