മലപ്പുറം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്‌ദു സമദ് സമദാനിയും മത്സരിക്കും. അതേസമയം തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കുളള സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് മത്സരിക്കുക. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ ലീഗ് പരസ്‌പരം മാറ്റിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത് (Muslim League Candidates In Lok Sabha).
മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്ക് സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.