കോഴിക്കോട് : മൂന്നാം സീറ്റ് വിഷയത്തില്‍ കടുംപിടുത്തവുമായി മുസ്‌ലിം ലീഗ്. ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ് നേതാക്കൾ. മൂന്ന് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നാളെ (25.02.2024) കൊച്ചിയില്‍ നടക്കുന്ന കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച നിർണായകമാണ്.
മുസ‌്‌ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മൂന്നാം സീറ്റില്ലെന്ന നിലപാട് പുറത്ത് പറഞ്ഞത് ലീഗ് നേതൃത്വം അറിയേണ്ടി വന്നതും പ്രശ്‌നം വഷളാക്കി. ഒപ്പം പൊന്നാനിയിൽ ലീഗ് പുറത്താക്കിയ നേതാവിന് സിപിഎം സീറ്റ് നൽകിയതും ലീഗിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം മത്സര രംഗത്ത് ഉറപ്പായ കോൺഗ്രസ് നേതാക്കൾ ലീഗിനെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ് (Loksabha Election 2024). എന്നാൽ മൂന്നാം സീറ്റ് എന്ന ആവശ്യം കോൺഗ്രസ് ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. അതിന്‍റെ പ്രധാന കാരണം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണം കിട്ടിയില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ് എന്നതാണ്.
വടക്കേ ഇന്ത്യയിൽ രക്ഷയില്ലാതെ കോൺഗ്രസ് ഒത്തുതീർപ്പിന് വഴങ്ങുമ്പോഴും തെക്കേ ഇന്ത്യയിലാണ് അവരുടെ നോട്ടം. വലിയ ഒറ്റക്കക്ഷിയാവാൻ തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം 55 സീറ്റിന് മുകളിൽ നേടണം എന്നതാണ് പ്ലാൻ. അതിൽ കേരളത്തിലെ ഓരോ സീറ്റും പ്രധാനമാണെന്ന് ലീഗിനെ ധരിപ്പിക്കും.