കോഴിക്കോട് :നഗരത്തിലെ ബാർ ഹോട്ടലിലെ തർക്കത്തെത്തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പൊലീസിൻ്റെ പിടിയിലായി. തടമ്പാട്ട് താഴം സ്വദേശി പിടി മഷൂദ് (20) ചാപ്പയിൽ സ്വദേശി അറഫാൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്‌ടർ ടിവി ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
സംഭവം നടന്ന കോഴിക്കോട് ബാറിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കാരപ്പറമ്പിനു സമീപം കരുവിശ്ശേരി, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മഷൂദിൻ്റെ രഹസ്യകേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.