കൊച്ചി: മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം. പതിനാലു വർഷമായി മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ മുന്നോട്ടു പോകാതിരിക്കുന്നതിൽ സർക്കാർ തലത്തിൽ വീഴ്‌ചയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൈയ്യേറ്റമൊഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല. പരിശോധന നടക്കരുതെന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്നു സംശയമുണ്ടെന്നും കോടതി പറഞ്ഞു.
പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും. ഇതിനായി സിബിഐ അന്വേഷണം വേണമോയെന്ന കാര്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. മൂന്നാർ കൈയ്യേറ്റ നടപടികൾ നിരീക്ഷിക്കുന്നതിനായുള്ള സമിതിയും വീഴ്‌ചകൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നാളെ ഓൺലൈനായി ഹാജരാകാനും നിർദേശിച്ചു. മൂന്നാർ കൈയ്യേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.