കോഴിക്കോട്: സ്കൂൾ വിദ്യാർഥികൾക്കിടയിൽ പടർന്ന് പിടിച്ച് മുണ്ടിനീര് (മംപ്സ്). സ്കൂൾ - കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് പടരുന്നത്. എസ്എസ്എൽസി വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലായി. രോഗം റിപ്പോർട്ട് ചെയ്ത സ്കൂളുകളിൽ ഹാജർനില കുറഞ്ഞു. ക്രിസ്മസ് അവധിക്ക് മുമ്പുള്ള പരീക്ഷക്കാലത്താണ് രോഗം പടർന്നുപിടിക്കുന്നത്. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ വർധനവാണ് ഇത്തവണ ഉണ്ടായത്.
"പാരാമിക്സോ ഇനത്തിൽപ്പെട്ട ആർഎൻഎ വൈറസാണ് മുണ്ടിവീക്കം ഉണ്ടാകുന്നതിന് കാരണം. മുണ്ടിനീര്, പിണ്ഡിവീക്കം, താടവീക്കം, തൊണ്ടിവീക്കം, മംപ്സ് എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ട് മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. ഉമിനീര് അടങ്ങിയ ശ്വാസകോശ സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്".
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് എകദേശം ഒരാഴ്ച വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം. പനി, തൊണ്ട വേദന, പേശി വേദന, ക്ഷീണം, വിശപ്പില്ലായ്മ, ഭക്ഷണം ചവയ്ക്കുമ്പോൾ വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചെവിക്ക് മുന്നിലുള്ള പരോട്ടിട് എന്ന ഉമിനീർ ഗ്രന്ഥിയുടെ വീക്കവും വേദനയും പ്രധാന ലക്ഷണമാണ്.
എംഎംആർ (Measles, Mumps, and Rubella) വാക്സിനാണ് ഇതിൻ്റെ പ്രതിവിധിയായി നൽകുന്നതെന്ന് കൊയിലാണ്ടി സഹകരണ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. ശിവശങ്കരൻ പറഞ്ഞു. ജലദോഷവും കൊറോണയും പകരുന്നത് പോലെ തന്നെയാണ് മുണ്ടിനീരും പകരുന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
മാത്രമല്ല, രോഗി ഉപയോഗിച്ച തോർത്ത്, തൂവാല, പാത്രം, ഗ്ലാസ്, ടിഷ്യൂ പേപ്പർ എന്നിവയിലൂടെയും അസുഖം പകരാം. ഈ അസുഖത്തിന് സങ്കീർണതകൾ താരതമ്യേന കുറവാണെങ്കിലും കൗമാരക്കാരായ ആൺകുട്ടികളിൽ രോഗം ഗുരുതര പ്രത്യാഘാതങ്ങൾ വരുത്താൻ സാധ്യതയുണ്ട്.