വയനാട്:ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെയൊക്കെ സ്വന്തം വീട്ടുകാരെപ്പോലെ നമുക്കറിയാം.ക്രിക്കറ്റ് കണ്ടു തുടങ്ങിയ ബാല്യം മുതൽ ഇന്നോളം കണ്ടുവളർന്ന ക്രിക്കറ്റ് താരങ്ങളെ കുറിച്ച് ചോദിച്ചാൽ ഇന്ത്യൻ ടീമിലെ മാത്രമല്ല എതിർ ടീമിലെയും കളിക്കാരുടെ പേരുകളും നമ്മളിൽ പലരും പറയും. എന്തിനേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരിക്കൽ പോലും പാഡ് അണിയാത്ത ഒട്ടേറെ ആഭ്യന്തര താരങ്ങളെ വരെ നമുക്കറിയാം. എന്നാൽ അതെ ചോദ്യം തന്നെ വനിത ക്രിക്കറ്റിനെ കുറിച്ച് ചോദിച്ചാലോ?
മിതാലി രാജും, സ്‌മൃതി മന്ദാനയും, കേരളത്തിൽ നിന്ന് ഈയിടെ ഇന്ത്യൻ ടീമിലെത്തിയ മിന്നു മണി തുടങ്ങി വിരലിൽ എണ്ണാവുന്ന താരങ്ങളുടെ പേര് മാത്രം. ആ പേരുകൾ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏതാനും ചില വർഷങ്ങൾ മാത്രം (Malayali cricketer Sajana Sajeevan).
ക്രിക്കറ്റ് ജീവനും ജീവിതവും ആയി കാണുന്ന നമ്മുക്കിടയിൽ തന്നെ ഇത്തരമൊരു വേർതിരിവ് ഉണ്ടെങ്കിൽ, ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടി വളർന്നു ആൺകുട്ടികളോടൊപ്പം കളിച്ചു ഒരു വലിയ ക്രിക്കറ്റ് താരം ആകുക. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കഥാ സന്ദർഭം അല്ലെ ?. എന്നാൽ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും അത്തരം കഥാപാത്രങ്ങൾ നിരവധിയാണ്. അവരിൽ ഒരാൾ ആണ് വയനാട്ടിലെ മാനന്തവാടിയിൽനിന്നുള്ള സജന സജീവൻ.
1995 ജനുവരി 4ന് വയനാട് മാനന്തവാടിയിലാണ് സജന സജീവൻ ജനിച്ചത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. ശേഷം തന്‍റെ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് വെല്ലുവിളികളും ഈ താരത്തിന് നേരിടേണ്ടിവന്നു. സജനയുടെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു. 2018ലെ പ്രളയത്തിൽ വീടടക്കം സകലതും നഷ്‌ടപ്പെട്ട് സർക്കാർ സ്‌കൂളിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറേണ്ടിവന്നു സജനക്കും കുടുംബത്തിനും.
വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണിൽ ലേലത്തിൽ സജനയെ സ്വന്തമാക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. എന്നാൽ ഡിസംബറിൽ മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപക്ക് സജനയെ സ്വന്തമാക്കി (Malayali cricketer Sajana Sajeevan).
ഓൾറൗണ്ടറായ സജന മികച്ച ഓഫ് സ്‌പിന്നറുമാണ്. 81 ടി20 മത്സരങ്ങളിൽ നിന്നായി 1093 റൺസുകളും 58 വിക്കറ്റുകളും നേടിയിട്ടുണ്ട്. സഹതാരം യാസ്‌തിക ഭാട്ട്യുമായുള്ള സംഭാഷണത്തിൽ സജന പറഞ്ഞത് ഇങ്ങനെ. ‘‘ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. കൈയിൽ പണമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പതിവായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതോടെ ദിവസവും 150 രൂപ സമ്പാദിക്കാൻ തുടങ്ങി. ഇത് എനിക്ക് വലിയൊരു തുകയായിരുന്നു. പിന്നീട് ദിവസ സമ്പാദ്യം 900 രൂപയിലേക്ക് ഉയർന്നു. രക്ഷിതാക്കളും സന്തോഷിച്ചു. പിന്നീടാണ് കേരളത്തിന്‍റെ ക്യാപ്റ്റനാകുന്നത്. പിന്നാലെ അണ്ടർ 23 ടി20 സൂപ്പർ ലീഗ് ട്രോഫിയും ഉയർത്തി. പിന്നീട് ചലഞ്ചേഴ്‌സ് ട്രോഫിയും. തുടർന്ന് ജുലാൻ ഗോസ്വാമിയോടൊപ്പം ഇന്ത്യൻ ഗ്രീൻസിന് വേണ്ടി കളിച്ചു’’.
മകളുടെ ക്രിക്കറ്റ് പ്രേമത്തെ കുറിച്ച് സജനയുടെ അമ്മ ശാരദയ്ക്കും പറയാനുണ്ട്...
ബാല്യത്തിൽ അനിയൻ സച്ചിനും കസിൻ കുട്ടികളുമായിരുന്നു സജനയുടെ കളിക്കൂട്ടുകാർ. ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിൽ തങ്ങൾ വീട്ടുകാർക്ക് കുഴപ്പമില്ലെങ്കിലും ചിലർ ശക്തമായി എതിർത്തിരുന്നതായി അമ്മ ശാരദ പറയുന്നു.
അഞ്ചാം ക്ലാസ്സ് മുതൽ ഹോസ്റ്റലിൽ നിന്ന് ആയിരുന്നു മകളുടെ പഠിപ്പ്. അവിടെ ബാഡ്‌മിന്‍റൺ, ഖോ ഖോ, അത്ലറ്റിക്‌സ്, ഹൈ ജമ്പ് തുടങ്ങി നിരവധി കളികളിലും സജന ശോഭിച്ചുവെങ്കിലും സജനയുടെ ക്രിക്കറ്റിൽ ഉള്ള താല്‍പര്യം ആ കാലയളവിൽ വർദ്ധിച്ചു വന്നു (Malayali cricketer Sajana Sajeevan).
പ്ലസ് വൺ - പ്ലസ് ടു മാനന്തവാടി ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പഠിച്ചതും. ആ കാലയളവിൽ ജാവലിൻ ത്രോക്കു ഡിസ്ട്രിക്‌ട് ബേസിൽ ഫസ്റ്റ് വന്നപ്പോൾ അവിടെ ഫിസിക്കൽ ട്രെയിനർ ആയിരുന്ന എൽസമ്മ ടീച്ചറാണ് സജനയെ ക്രിക്കറ്റ് പരിശീലിപ്പിച്ചത്. അതൊരു വഴിത്തിരിവായി.
സ്‌കൂൾ കാലഘട്ടത്തിലേതു പോലെ ക്രിക്കറ്റ് കളിക്കാൻ താല്‍പര്യം ഉള്ള കുറച്ച് കൂട്ടുകാരികളെ ചേർത്ത് സജന കളി ആരംഭിച്ചു. ക്രിക്കറ്റിനോടുള്ള ഈ അടങ്ങാത്ത പാഷനും എൽസമ്മ ടീച്ചറിന്‍റെ പ്രോത്സാഹനവും മകളെ ചെന്നെത്തിച്ചത് KCA നടത്തുന്ന സെലെക്ഷൻ ട്രയൽസിലേക്ക്. എന്നാൽ ആദ്യത്തെ തവണ പരിചയക്കുറവിന്‍റെ അഭാവത്തിൽ സജന സെലെക്ഷനിൽ പരാജയപെട്ടു. എന്നാൽ പതറാതെ അടുത്ത തവണയും പരിശ്രമിച്ച സജന കേരള ക്രിക്കറ്റർ എന്ന ആ ലക്ഷ്യം സാധ്യമാക്കുകയും ചെയ്‌തു.
പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം
ചെന്നൈയിൽ ആയിരുന്നു സജനയുടെ കേരള ടീമിലെ അരങ്ങേറ്റം. അന്ന് ഹൈദരാബാദിനെതിരെ ഒരു സീനിയർ താരത്തിന്‍റെ അഭാവത്തിൽ നറുക്ക് വീണ സജന തന്നെയാണ് അന്നത്തെ മത്സരത്തിലെ വിജയ റൺ നേടിയത്.