ഇടുക്കി:"15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നില്ലേ. പിന്നെ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു പണിയാന്‍ മടിക്കുന്നതെന്തിനാണ്". മുല്ലപ്പെരിയാര്‍ സമര സമിതി രക്ഷാധികാരി ഫാദര്‍ ജോയി നിരപ്പേല്‍ ചോദിക്കുന്നു. വയനാട് ഉരുള്‍ പൊട്ടലിന്‍റേയും കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകട വാര്‍ത്തയുടേയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിന്‍റെ സമീപ പ്രദേശങ്ങളിലും ഭീതി പരക്കുകയാണ്.
"ഭ്രംശ മേഖലയിലാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ട് നില്‍ക്കുന്ന സ്ഥലം 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുള്ള മേഖലയാണ്. കഴിഞ്ഞ കുറച്ചു കാലത്തിനിടെ 35- 40 ചെറു ചലനങ്ങള്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായി. ഈ അണക്കെട്ടിന്‍റെ ആയുസ് കഴിഞ്ഞതാണ്. കാലഹരണപ്പെട്ട ബലഹീനമായ ഡാം എത്രയും പെട്ടെന്ന് പുതുക്കിപ്പണിയണം. വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ തടയാൻ ആര്‍ക്കും കഴിഞ്ഞില്ലല്ലോ.
രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഒക്കെയുണ്ടായിട്ടും നൂറുകണക്കിന് ജീവന്‍ അപഹരിക്കപ്പെട്ടില്ലേ. ആര്‍ക്കെങ്കിലും തടയാനായോ. സുരക്ഷയാണ് പ്രധാനം. ജീവന്‍ പോയാല്‍ പിന്നെ എന്ത് കാര്യം. ജീവനും സ്വത്തിനും സംരക്ഷണം കിട്ടണം. അത് ആരുടേയും ഔദാര്യമല്ല, അവകാശമാണ്. മുല്ലപ്പെരിയാര്‍ സമരസമിതി രക്ഷാധികാരി ഫാദര്‍ ജോയി നിരപ്പേല്‍ പറഞ്ഞു.
തുംഗഭദ്രയില്‍ നടന്നത്
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിലെ അപകടം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിലാകെ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. ആകെ 33 ഗേറ്റുകളാണ് തുംഗഭദ്രയ്ക്ക് ഉള്ളത്. ഡാമിന്‍റെ 19-ാമത്തെ ഗേറ്റിൻ്റെ ചങ്ങലയാണ് കഴിഞ്ഞദിവസം പൊട്ടി വീണത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നിരിക്കുകയാണ്.
സമാനതകള്‍ ഏറെ
തുംഗഭദ്രയും മുല്ലപ്പെരിയാറും രണ്ട് സംസ്ഥാനങ്ങളിലുള്ള ഡാമുകളാണെങ്കിലും സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ സമാനമാണ്.വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം കൂടി പുറം ലോകം അറിയുന്നത്.
മുല്ലപ്പെരിയാർ കഴിഞ്ഞാലുള്ള വലിയ സുർക്കി അണക്കെട്ടാണ് തുംഗഭദ്ര. ഈ അണക്കെട്ടുകൾ രണ്ടും നിർമ്മിച്ചിരിക്കുന്നത് സുർക്കി മോർട്ടാർ ഉപയോഗിച്ചാണ്, ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന മിശ്രിതമാണ് നിർമാണ സമയത്ത് ഉപയോഗിച്ചിരുന്നത്. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിന്‍റെ അടിത്തറ.
സുർക്കി കൊണ്ട് നിർമിച്ച ഡാമുകൾക്ക് ഉറപ്പ് കൂടുതലാണെന്ന് പറയുമ്പോഴും 2016 ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു എന്നതും ഓർക്കേണ്ട ഒരു വസ്‌തുതയാണ്. 88 വർഷം പഴക്കമുള്ള പാലമാണ് അന്ന് ഒലിച്ചു പോയത്. ഇതിന് ശേഷമാണ് സുർക്കി നിർമിത ഡാമുകളിലൊന്നായ തുംഗഭദ്രയും ഇപ്പോൾ അപകട ഭീഷണി ഉയർത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ ഉയരുന്ന ആശങ്ക