കോഴിക്കോട് :മലയാള സാഹിത്യത്തിൽ ചിര പ്രതിഷ്‌ഠ നേടിയ, തലയെടുപ്പുള്ള എഴുത്തുകാർ നിരവധിയുണ്ടെങ്കിലും എംടി അതിൽ തലതൊട്ടപ്പനാണ്. മിതഭാഷി, ഗൗരവക്കാരൻ, പരുക്കൻ, അർഥഗർഭമായ മൗനി... ഏത് തരത്തിലാണെങ്കിലും എംടിയെ 'തൊടാൻ' രണ്ടല്ല മൂന്ന് തവണ ചിന്തിക്കും ആരും. എന്നാൽ ചിത്രകാരന്‍, ശില്‍പി, സാഹിത്യകാരന്‍ തുടങ്ങിയ നിരവധിയായ വിശേഷണങ്ങളുള്ള എംവി ദേവന്‍ എംടിയെ ഒന്ന് 'തൊട്ടു'.
മലയാള സാഹിത്യത്തിന്‍റെ കുലപതിയും, ലക്ഷണമൊത്ത കാരണവരുമായ എംടി വാസുദേവന്‍ നായരുടെ ആശ്രിത വത്സലന്മാര്‍ സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്‍റെ നാലുകെട്ട് എന്ന ഒരു നോവലിന്‍റെ ജൂബിലി കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ആഘോഷിക്കുകയാണ്. 'വല്ല കരയോഗം ഓഫിസുകളിലോ, ഹോട്ടലുകളിലോ വച്ചു നടത്താന്‍ മാത്രം പ്രാധാന്യമുള്ള ഈ ചൊറിയല്‍ മാന്തല്‍ സുഖിപ്പിക്കല്‍ ആഘോഷങ്ങള്‍ സാഹിത്യ അക്കാദമിയുടെ വേദിയിലാകരുത്…' - എംവി ദേവന്‍ എന്ന മഠത്തില്‍ വാസുദേവന്‍ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാള സാഹിത്യലോകം എംടിയെന്ന പേര് കേട്ട് തലകുമ്പിട്ട് നില്‍ക്കുമ്പോഴാണ് എംടിയുടെ നാലുകെട്ട് സാഹിത്യ അക്കാദമി മുറ്റത്ത് ആഘോഷമാക്കിയതിനെതിരെ എംവി ദേവന്‍ ഇങ്ങനെ തുറന്നടിച്ചത്. പക്ഷെ ഈ തുറന്നെഴുത്ത് ദേവനെ കോടതി കയറ്റി. എംടി വാസുദേവന്‍ നായര്‍ നല്‍കിയ മാനനഷ്‌ട കേസില്‍ 10000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിനുമാണ് അന്ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവന് ജാമ്യം നല്‍കിയത്.
കലാകൗമുദിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു തന്‍റെ അടുത്ത സുഹൃത്തുകൂടിയായിട്ടും എംടിക്കെതിരായി ദേവന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. സാംസ്‌കാരിക-സാഹിത്യ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. എംടി ആദ്യമായിട്ടൊരാള്‍ക്ക് നേരെ മാനനഷ്‌ട കേസുമായി കോടതി കയറിയിട്ടുണ്ടെങ്കില്‍ അത് ദേവനെതിരെ ആയിരുന്നെതും ചരിത്രം.
ചിത്രകലയെന്ന സ്വന്തം മാധ്യമത്തിന് അപ്പുറം ലോകത്തുള്ള എന്തിനോടും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളുമായി കലഹിക്കുകയും അപ്രീതി പ്രകടിപ്പിക്കുകയും ചെയ്‌ത കലാകാരനായിരുന്നു എംവി ദേവന്‍. പൊതുവേ കലാകാരന്‍മാരും സാഹിത്യകാരന്‍മാരുമെല്ലാം സ്വന്തം സൃഷ്‌ടികളിലൂടെ സമൂഹത്തോടും വ്യവസ്ഥകളോടും കലഹിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്‌ത് മുഖ്യധാരയില്‍ നിന്ന് മാറിനിന്നപ്പോള്‍ ദേവന്‍ തന്‍റെ ചുറ്റുപാടുകളില്‍ കണ്ട നല്ലതും ചീത്തയുമായ സകലതിനോടും സംവദിച്ചു.
മറ്റുള്ളവര്‍ എന്ത് പറയുമെന്നത് നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞു. ഒരു പക്ഷെ അതുകൊണ്ടാവാം മുഖ്യധാരയിലുള്ള സാഹത്യകാരന്‍മാരും ചിത്രകാരന്‍മാരുമടക്കം പലരും പലപ്പോഴും അദ്ദേഹത്തോട് നീരസം പ്രകടിപ്പിച്ചത്. എന്നാൽ എംടി എന്ന 'കാലം' മറയുമ്പോൾ അതിലൂടെ യശശരീരനായ ദേവനും അറിയപ്പെടുന്നു. അതും ഒരു ഭാഗ്യമാണ്.
കോടതി കയറിയ രണ്ടാമൂഴം
എംടിയുടെ വിഖ്യാതമായ നോവല്‍, ഭീമസേനന് ഹീറോ പരിവേഷം നല്‍കിയ രണ്ടാമൂഴം. മലയാളി വായനക്കാരന്‍റെ ഫസ്റ്റ് ഓപ്‌ഷനുകളില്‍ തന്നെയായിരുന്നു രണ്ടാമൂഴത്തിന്‍റെ സ്ഥാനം. ചിത്രം സിനിമയാകുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ മലയാളി പ്രേക്ഷകര്‍ ആവേശത്തിലുമായിരുന്നു.
സംവിധായകന് ശ്രീകുമാര്‍ മേനോനും എംടിയും തമ്മില്‍ കരാറിലെത്തുന്നു, രണ്ടാമൂഴം സിനിമയാക്കാം... 2014 ല്‍ ഇതുസംബന്ധിച്ച കരാറില്‍ രണ്ടുപേരും ഒപ്പുവച്ചു. മൂന്ന് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍.
ആയിരം കോടി രൂപ ബജറ്റില്‍ രണ്ടാമൂഴം സിനിമയാക്കാനായിരുന്നു പദ്ധതി. നായകനായി മോഹന്‍ലാലിനെ ഉറപ്പിച്ചു. ബിആര്‍ ഷെട്ടിയായിരുന്നു നിര്‍മാണം. കരാറില്‍ പറഞ്ഞ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ഒരനക്കവും ഉണ്ടായില്ല. ഒന്നര വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ എംടി തെല്ലൊരനിഷ്‌ടം പ്രകടിപ്പിച്ചു. ശ്രീകുമാര്‍ മേനോനുമായി ചിത്രം നിര്‍മിക്കാനില്ലെന്ന് തീര്‍ത്തുപറഞ്ഞു എംടി. തന്‍റെ തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. പകരം കരാറിന്‍റെ ഭാഗമായി നല്‍കിയ പണം മടക്കി നല്‍കാന്‍ തയാറാണെന്നും എംടി വ്യക്തമാക്കിയിരുന്നു.